ദേശീയ തലത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ കേരള ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന്. അടുത്ത അഞ്ചു വര്‍ഷത്തിനകം കേരളത്തില്‍ മൂന്ന് പ്രധാനപ്പെട്ട സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പദ്ധതിയിടുന്നത്. കേരള ക്രിക്കറ്റിന്റെ ആസ്ഥാനമായി കൊച്ചി നെടുമ്പാശേരിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ഇതില്‍ പ്രധാനം. പാലക്കാട്, കോട്ടയം ജില്ലകളിലും ദേശീയ നിലവാരത്തിലുള്ള സ്‌റ്റേഡിയം കെ.സി.എ പടുത്തുയര്‍ത്തും.
നെടുമ്പാശേരിയിലെ സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിക്ക് 700 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിന്റെ രൂപരേഖ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലവും കണ്ടെത്തി കഴിഞ്ഞു. നെടുമ്പാശേരി അത്താണി ജംഗ്ഷനു സമീപം ചെങ്ങമനാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സ്റ്റേഡിയം കോംപ്ലക്‌സ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ചില അനുമതികള്‍ കൂടി ലഭിക്കുന്നതോടെ മറ്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ധനംഓണ്‍ലൈനോട് പറഞ്ഞു.
ആദ്യഘട്ടത്തില്‍ 30 ഏക്കറില്‍ 40,000 പേര്‍ക്കിരിക്കാവുന്ന രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്‌സും ക്ലബ് ഹൗസുമാണ് പൂര്‍ത്തിയാക്കുക. ഇതിനു പുറമേ ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌സാല്‍ കോര്‍ട്ടുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്റര്‍, സ്‌പോര്‍ട്‌സ് അക്കാദമി, കണ്‍വെന്‍ഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ഫിറ്റ്‌നസ് സെന്റര്‍, ഗെയിമിങ് ആന്‍ഡ് ഇ-സ്‌പോര്‍ട്‌സ് അരീന, താമസസ്ഥലം, ഹെലിപാഡ്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് എന്നിവയും 5 വര്‍ഷംകൊണ്ട് നിര്‍മിക്കും.
നെടുമ്പാശേരിയിലെ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം സര്‍ക്കാര്‍ അനുമതിയും പാരിസ്ഥിതിക അനുമതിയും ലഭ്യമാകുന്ന മുറയ്ക്ക് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നു വര്‍ഷം കൊണ്ട് സ്റ്റേഡിയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കേരള ക്രിക്കറ്റിന്റെ മുന്നേറ്റത്തിലെ വഴിത്തിരിവാകും ഈ പ്രൊജക്ട്. കൊല്ലം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും.ജയേഷ് ജോര്‍ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്
സി.എം.എസ് കോളജിലാണ് കോട്ടയത്തെ സ്‌റ്റേഡിയം നിലവില്‍ വരുന്നത്. രണ്ടു ഘട്ടമായിട്ടായിരിക്കും നിര്‍മാണം. ആദ്യം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നടത്താന്‍ പാകത്തില്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കും. രണ്ടാംഘട്ടത്തില്‍ പകല്‍-രാത്രി മത്സരങ്ങള്‍ക്കു ഉതകുന്ന രീതിയില്‍ ഫ്‌ളഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വരും. 14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ക്രിക്കറ്റ് ഗ്രൗണ്ടിനൊപ്പം പവലിയന്‍, ഡ്രസിംഗ് റൂം, ഒഫീഷ്യല്‍സ് റൂം, സ്പ്രിംഗ്ലര്‍ ഇന്‍ഡോര്‍ ആന്‍ഡ് ഔട്ട്‌ഡോര്‍ പ്രാക്ടീസ് സംവിധാനം, അത്യാധുനിക ജിംനേഷ്യം, ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവ സ്‌റ്റേഡിയം പ്രൊജക്ടില്‍ ഉണ്ടാകും. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പുതിയ സ്റ്റേഡിയത്തിന് സാധിക്കും. കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കും.
ദേശീയ നിലവാരത്തില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന രീതിയിലാണ് കൊല്ലം എഴുകോണ്‍ ഇലഞ്ഞിക്കോട് സ്‌റ്റേഡിയം വരുന്നത്. ഇതിനായി സ്ഥലം വാങ്ങുകയും മറ്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രഞ്ജി ട്രോഫി ഫൈനലിലെത്തിയതോടെ കേരള ക്രിക്കറ്റിന് ദേശീയ തലത്തില്‍ വലിയ ശ്രദ്ധയാണ് കിട്ടിയിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് കെ.സി.എയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഭാവിയില്‍ കേരളത്തിലേക്ക് കൂടുതല്‍ ക്രിക്കറ്റ് നിക്ഷേപങ്ങള്‍ വരാന്‍ ഇത് വഴിയൊരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine