കേരളത്തിന്റെ കടമെടുപ്പില്‍ പുതിയ നിബന്ധനയുമായി കേന്ദ്രസര്‍ക്കാര്‍. ഇനി കടമെടുക്കണമെങ്കില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) ഫിനാന്‍സ് അക്കൗണ്ട് റിപ്പോര്‍ട്ട് നിയമസഭ അംഗീകരിക്കണമെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ ജൂലൈയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതുവരെ സി.എ.ജി ഒപ്പിടാത്തതിനാല്‍ നിയമസഭയില്‍ വെക്കാനാവാതെ കുരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ നവംബര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതാദ്യമായാണ് കടമെടുപ്പില്‍ ഇത്തരമൊരു നിബന്ധന വക്കുന്നത്.
പബ്ലിക്ക് അക്കൗണ്ടില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതിനാല്‍ ഇക്കൊല്ലം 11,500 കോടി രൂപ കൂടി കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കാട്ടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കാനാണ് കേന്ദ്രം ഇതുവരെയില്ലാത്ത നിബന്ധന മുന്നോട്ട് വച്ചത്. വരവ്-ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ സി.എ.ജി ഒപ്പിടാത്തതിനാല്‍ അതിന് കഴിയുന്നില്ല. സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ അന്തിമാനുമതി നല്‍കേണ്ടത് കേന്ദ്രത്തിലെ സി.എ.ജിയാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനം ഇത് അംഗീകരിച്ച് അയച്ചെങ്കിലും ഇതുവരെയും ഒപ്പിട്ടിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ അവ്യക്തമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതിനിടയില്‍ കേരളം 1,000 കോടി രൂപ കൂടി പൊതുവിപണിയില്‍ നിന്നും കടമെടുക്കും.ഇതിനായുള്ള ലേലം നവംബര്‍ 5ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് നവംബര്‍ അഞ്ചിന് 9,467 കോടി രൂപയാണ് സമാഹരിക്കുന്നത്. ഒക്ടോബര്‍ 29ന് 1,500 കോടി രൂപ കടമെടുത്തത് കൂടാതെയാണിത്. ഇതോടെ കേരളത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൊത്ത കടം 27,998 കോടി രൂപയാകും. ഈ വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine