canva
News & Views

കേരളത്തിന്റെ കടലില്‍ ഇനി മദ്യം കിട്ടും, സ്റ്റാര്‍ ഹോട്ടലുകളില്‍ ഇനി കള്ളും; മദ്യ നയത്തില്‍ വെള്ളംചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍; ലക്ഷ്യമെന്ത്?

മദ്യലഭ്യതയും നിയന്ത്രണങ്ങളും മൂലം കേരളം വേദിയാകേണ്ടിയിരുന്ന നിരവധി കോണ്‍ഫ്രന്‍സുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു

Dhanam News Desk

മദ്യനയത്തില്‍ സംസ്ഥാനം അടിമുടി മാറുന്നത് ടൂറിസം മേഖലയ്ക്ക് ഉള്‍പ്പെടെ ഗുണം ചെയ്‌തേക്കുമെന്ന് വിദഗ്ധര്‍. ഒന്നാം തീയതികളിലെ മദ്യലഭ്യത ഉറപ്പുവരുത്താന്‍ ഡ്രൈഡേ നിയമത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മാറ്റം വരുത്തുന്നുണ്ട്. ഇതിനായി ഏകദിന പെര്‍മിറ്റ് നല്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫലത്തില്‍ ഒന്നാം തീയതിയും കേരളത്തില്‍ മദ്യലഭ്യത വര്‍ധിക്കും. വിനോദസഞ്ചാര മേഖല വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ഇത്.

മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ മദ്യലഭ്യത കുറയുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുന്നുവെന്നായിരുന്നു പരാതി. ഇതും കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നയംമാറ്റം.

കടലിലും മദ്യം, സ്റ്റാര്‍ ഹോട്ടലില്‍ കള്ള്

ടൂറിസം രംഗത്തുള്ളവര്‍ക്ക് സന്തോഷം പകരുന്നതാണ് സ്വകാര്യ കപ്പലുകളില്‍ യാത്രക്കാര്‍ക്ക് മദ്യം വിളമ്പാമെന്ന ഉത്തരവ്. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗില്‍ നിന്ന് ഐആര്‍എസ് ക്ലാസുള്ളതും കേരള മാരിടൈം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്വകാര്യ കപ്പലുകളിലാകും ഇത്തരത്തില്‍ അനുമതി ലഭിക്കുക.

കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വില്‍ക്കാന്‍ അനുമതി നല്‍കുന്നത്. പ്രത്യേക പെര്‍മിറ്റ് ഡ്യൂട്ടി എക്‌സൈസ് കമ്മീഷണറില്‍ നിന്ന് വാങ്ങി കള്ള് വില്പന നടത്താനാകും. ത്രീസ്റ്റാറോ അതിനു മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലുള്ള റിസോര്‍ട്ടുകള്‍ക്കുമാകും ഇത്തരത്തില്‍ അനുമതി ലഭിക്കുക.

കള്ളിന്റെ വിലയും മറ്റ് കാര്യങ്ങളും സംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ വന്നിട്ടില്ല. മുമ്പ് സ്വന്തം വളപ്പിലെ തെങ്ങില്‍ നിന്ന് കള്ളുചെത്തി വില്ക്കാന്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ആരും അപേക്ഷിച്ചിരുന്നില്ല.

ടൂറിസം മേഖലയ്ക്ക് എങ്ങനെ ഗുണംചെയ്യും?

മദ്യം കഴിക്കാനല്ല സഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നതെന്ന് പറയാമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. വിദേശ സഞ്ചാരികളില്‍ ഭൂരിഭാഗവും കേരള യാത്രയില്‍ മദ്യപിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരാണ്. മദ്യലഭ്യതയും നിയന്ത്രണങ്ങളും മൂലം കേരളം വേദിയാകേണ്ടിയിരുന്ന നിരവധി കോണ്‍ഫ്രന്‍സുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം മനസിലാക്കിയും ഒപ്പം വരുമാന വര്‍ധനയും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നയംമാറ്റം.

Kerala revises liquor policy to boost tourism, allowing alcohol on private ships and toddy in star hotels.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT