സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നാളെ ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 6.19 ശതമാനമായി വര്‍ധിച്ചു.
രാജ്യത്ത് പ്രതിശീര്‍ഷ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.67 ശതമാനം വളര്‍ച്ച നേടാന്‍ സംസ്ഥാനത്തിന് സാധിച്ചു. 2023-24 സാമ്പത്തികവര്‍ഷം 1,79,953 ലക്ഷം രൂപയായിരുന്നത് 1,90,149 ലക്ഷമായിട്ടാണ് ഉയര്‍ന്നത്. രാജ്യത്ത് ഉയര്‍ പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയിലാണ്. ദേശീയ ശരാശരി 1.33 ലക്ഷമാണ്. ഇതിനു മുകളിലാണ് കേരളീയരുടെ ആളോഹരി വരുമാനം.
കൃഷി, വനം, മത്സ്യബന്ധം, കന്നുകാലി സമ്പത്ത്, ഖനനം ഉള്‍പ്പെടെയുള്ള പ്രാഥമിക മേഖല 3.98 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടുന്ന ദ്വീതിയ മേഖല 8.52 ശതമാനവും വളര്‍ന്നു.
സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 0.3 ശതമാനത്തിന്റെ വര്‍ധനയുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തെ 1,24,486 കോടിയില്‍ നിന്ന് 1,24,861.07 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. അതേസമയം, കേന്ദ്രവിഹിതത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.15 ശതമാനത്തിന്റെ കുറവുണ്ടായി.
സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ 2023-24 വര്‍ഷത്തെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ നികുതി വരുമാനം 3.1 ശതമാനവും നികുതിയിതര വരുമാനം 0.9 ശതമാനവും ഉയര്‍ന്നു.
കേരളത്തിന്റെ മൊത്തം കൃഷിഭൂമിയുടെ 64.71 ശതമാനവും കൃഷിക്കായി ഉപയോഗിച്ചു. മൊത്തം കൃഷിയുടെ 30.44 ശതമാനവും തേങ്ങയുടെ വിഹിതമാണ്. റബര്‍ കൃഷി 21.78 ശതമാനവും പ്ലാന്റേഷന്‍ വിളകള്‍ 28.22 ശതമാനവും അരി ഉത്പാദനം 7.01 ശതമാനവും നേട്ടമുണ്ടാക്കി.
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെയാണ് ബജറ്റ് അവതരണം. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പുള്ള ബജറ്റായതിനാല്‍ സമ്പൂര്‍ണ ബജറ്റായിരിക്കില്ല ഇത്തവണത്തേത്. അടുത്ത സര്‍ക്കാര്‍ വരുന്നതു വരെയുള്ള ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടാണ് നാളെ അവതരിപ്പിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine