കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍-തട്ടുകട മേഖലയെയും അവതാളത്തിലാക്കി മുട്ടവില കുതിക്കുന്നു. ഈ വര്‍ഷം ആദ്യം അഞ്ചുരൂപയ്ക്ക് അടുത്തായിരുന്ന ചില്ലറ വില ഇപ്പോള്‍ പത്തു രൂപയും കടന്നു കുതിക്കുകയാണ്. നാടന്‍ മുട്ടവില പലയിടത്തും 10 മുതല്‍ 14 രൂപ വരെയായി. തമിഴ്നാട്ടിലെ നാമക്കല്ലില്‍ ഉത്പാദനം കുത്തനെ ഇടിഞ്ഞതും കടത്തുകൂലി വര്‍ധിച്ചതുമാണ് കേരളത്തില്‍ മുട്ടവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചത്.
രാജ്യത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രം നാമക്കല്‍ ആണ്. ഇവിടെ മുട്ടയുടെ ഹോള്‍സെയില്‍ വില എക്കാലത്തെയും റെക്കോര്‍ഡ് നിരക്കായ 6.45 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ 6.35 രൂപയായിരുന്നു ഇതിനു മുന്‍പത്തെ ഉയര്‍ന്ന നിരക്ക്. മേയ് ഒന്നിന് 5.70 രൂപയായിരുന്ന ഹോള്‍സെയില്‍ വിലയാണ് ഏതാനും ആഴ്ചകള്‍ കൊണ്ട് കുതിച്ചുയര്‍ന്നത്.
കേരളത്തിലെ രാത്രികാല സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തട്ടുകടകളെയും ഫാസ്റ്റ് ഫുഡ് സെന്ററുകളെയും ഈ വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലാക്കി. ഓംലെറ്റ്, ബുള്‍സൈ, മുട്ട ദോശ, എഗ്ഗ് റൈസ് എന്നിവയ്ക്ക് വില കൂട്ടേണ്ടി വരുന്ന അവസ്ഥയിലാണ് കച്ചവടക്കാര്‍. പലയിടത്തും വില വര്‍ധിപ്പിച്ചു കഴിഞ്ഞു.
കേക്ക്, ബിസ്‌കറ്റ് തുടങ്ങിയ ബേക്കറി പലഹാരങ്ങള്‍ക്കും മറ്റ് ഹോട്ടല്‍ വിഭവങ്ങള്‍ക്കും മുട്ട അവശ്യഘടകമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഇവരുടെ ലാഭവിഹിതത്തെ സാരമായി ബാധിക്കും.
സ്‌കൂളുകള്‍ തുറന്നതോടെ ഹോസ്റ്റലുകളിലും ഉച്ചഭക്ഷണ പദ്ധതികള്‍ക്കും മുട്ടയുടെ ആവശ്യം വന്‍തോതില്‍ വര്‍ധിച്ചു. കേരളത്തിലേക്ക് പ്രതിദിനം കോടിക്കണക്കിന് മുട്ടകളാണ് നാമക്കല്ലില്‍ നിന്ന് എത്തുന്നത്.
കടുത്ത വേനല്‍ കാരണം നാമക്കല്‍ മേഖലയിലെ കോഴിഫാമുകളില്‍ മുട്ട ഉത്പാദനം 15 ശതമാനത്തോളം കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടൊപ്പം ഡീസല്‍ വിലവര്‍ധന മൂലം കോഴിത്തീറ്റ എത്തിക്കുന്നതിനുമുള്ള ചെലവ് വലിയ തോതില്‍ വര്‍ധിച്ചു. കോഴിത്തീറ്റ വില മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine