News & Views

നാല് തുറമുഖങ്ങള്‍, നാല് വിമാനത്താവളങ്ങള്‍; കേരളത്തിന്റെ കയറ്റുമതിക്ക് പുതിയ മാസ്റ്റര്‍പ്ലാനുമായി കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം

സംസ്ഥാനത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കയറ്റുമതി അനുബന്ധ സംവിധാനങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് 'മിഷന്‍ സമുദ്ര'യിലൂടെ കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം ലക്ഷ്യമിടുന്നത്

Dhanam News Desk

കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്ക് പുതിയ ഉണര്‍വേകുന്നതിനും ചരക്കുനീക്ക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 'മിഷന്‍ സമുദ്ര' പദ്ധതി മുന്നോട്ടുവച്ച് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെയും പ്രധാന അന്താരാഷ്ട്ര ചരക്കുനീക്ക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് സമഗ്രമായ ലോജിസ്റ്റിക്സ് ശൃംഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഇതുസംബന്ധിച്ച് കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖറുമായി കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ വിശദമായ അവതരണവും നിവേദനവും സമര്‍പ്പിച്ചു.

തീരദേശ ചരക്കുനീക്കത്തിന് പ്രാധാന്യം

ബേപ്പൂര്‍, അഴീക്കല്‍, പൊന്നാനി, കൊല്ലം തുറമുഖങ്ങളെ കേന്ദ്രീകരിച്ച് തീരദേശ കപ്പല്‍ ഗതാഗതത്തിലൂടെയുള്ള ചരക്കുനീക്കം ശക്തിപ്പെടുത്തണമെന്നാണ് പ്രധാന നിര്‍ദേശം. ഈ തുറമുഖങ്ങളെ കൊച്ചിയിലെ വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലുമായും വിഴിഞ്ഞം ആഴക്കടല്‍ തുറമുഖവുമായും ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.

ഇതിലൂടെ സംസ്ഥാനത്തെ വിവിധ മേഖലകളില്‍നിന്നുള്ള കയറ്റുമതി ചരക്കുകള്‍ പ്രധാന തുറമുഖങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തി വ്യോമമാര്‍ഗമുള്ള കയറ്റുമതി ചരക്കുനീക്ക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.

ബേപ്പൂരില്‍ ഇഡിഐ സംവിധാനം വേണം

കയറ്റുമതി നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ബേപ്പൂര്‍ തുറമുഖത്ത് ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് (EDI) സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. കയറ്റുമതി സംബന്ധമായ രേഖകളും വിവരങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറുന്നതിനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കും.

കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര കൊറിയര്‍ ടെര്‍മിനല്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെറുകിട കയറ്റുമതിക്കാര്‍ക്കും മറ്റ് സംരംഭകര്‍ക്കും അന്താരാഷ്ട്ര വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ അയയ്ക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കയറ്റുമതി ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കണമെന്ന നിര്‍ദേശവും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ്, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് പ്രകാശ് അയ്യര്‍, കോട്ടയം പോര്‍ട്ട് ജനറല്‍ മാനേജര്‍ രൂപേഷ് ബാബു, കേരള സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന്‍ പ്രതിനിധി ജയപ്രകാശ്, മംഗളൂരുവിലെ എസ്.എസ്. മാരിടൈം ഷിപ്പിംഗ് സി.ഇ.ഒ മഹാദേവന്‍, അപ്പാരല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ട്‌സ് പ്രതിനിധി ഡോ. ആയിഷ റൂബി, തിരുവനന്തപുരം കാര്‍ഗോ ഫോര്‍വേഡേഴ്‌സ് പ്രതിനിധി മുഹമ്മദ് നിയാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT