News & Views

ഫെബ്രുവരിയും രക്ഷിച്ചില്ല! മലയാള സിനിമ പടുകുഴിയിലേക്കോ? തീയറ്ററുകളെ ചതിച്ചത് കുടുംബ പ്രേക്ഷകര്‍

മലയാള സിനിമയിലേക്ക് കോടികളുടെ നിക്ഷേപം വരുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

Dhanam News Desk

മലയാള സിനിമയില്‍ നിലയില്ലാക്കയത്തിലേക്ക് നീങ്ങുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ മാസവും റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലാഭനഷ്ട കണക്കുകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട് തുടങ്ങിയത് ജനുവരി മുതലാണ്. കഴിഞ്ഞ ദിവസം ഫെബ്രുവരിയില്‍ തീയറ്ററിലെത്തിയ ചിത്രങ്ങളുടെ കണക്കുകളും പുറത്തുവിട്ടു. ഇതില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിന് മാത്രമാണ് തീയറ്ററില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതിന്റെ അടുത്തെത്താനായത്.

ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് ഇതുവരെ തീയറ്ററില്‍ നിന്ന് 11 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ സാധിച്ചു. വിനോദനികുതി, തീയറ്റര്‍ ഉടമകളുടെ വിഹിതം, വിതരണക്കാര്‍ക്കുള്ള പങ്ക് തുടങ്ങി എല്ലാവിധ ചെലവുകളും കിഴിച്ച ശേഷമുള്ള കണക്കാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ടിരിക്കുന്നത്. 13 കോടി രൂപ നിര്‍മാണ ചെലവുള്ള ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് തീയറ്ററില്‍ നിന്ന് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കും.

ഈ ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒ.ടി.ടി അവകാശം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രത്തിനും ചെലവായ തുകയുടെ പാതിപോലും തീയറ്ററില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല.

കുടുംബ പ്രേക്ഷകരുടെ പിന്‍വാങ്ങല്‍

മലയാള സിനിമയെ തീയറ്ററില്‍ പിടിച്ചുനിര്‍ത്തിയിരുന്നത് എക്കാലവും കുടുംബ പ്രേക്ഷകരായിരുന്നു. കുടുംബങ്ങളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയലന്‍സും അശ്ലീലവും സിനിമയില്‍ കൂടുതലായി തിരുകിക്കയറ്റിയതോടെ കുടുംബ പ്രേക്ഷകര്‍ തീയറ്ററില്‍ നിന്ന് അകന്നു തുടങ്ങി.

കുടുംബങ്ങള്‍ തീയറ്ററിലേക്ക് വരാതിരിക്കാന്‍ സാമ്പത്തികവും വലിയൊരു ഘടകമാണ്. നാല് അംഗങ്ങളുള്ള ഒരു കുടുംബം തീയറ്ററില്‍ വന്ന് സിനിമ കണ്ട് വീട്ടിലെത്തണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 1,400 രൂപയെങ്കിലും മുടക്കേണ്ട അവസ്ഥയാണ്. ടിക്കറ്റ് ചാര്‍ജ്, ഭക്ഷണം, ഇന്ധനം തുടങ്ങി വലിയ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടിലായതോടെ കുടുംബങ്ങള്‍ സിനിമ തീയറ്ററില്‍ പോയി കാണുന്നത് കുറച്ചു.

തീയറ്ററുകളെയും സിനിമയെയും ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകളും മറ്റും തീയറ്ററില്‍ ആളനക്കം സൃഷ്ടിക്കുമെങ്കിലും പിന്നീട് ആളു കയറാത്ത അവസ്ഥയാണ്. അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളുടെ കളക്ഷന്‍ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ ഉയര്‍ന്നും പിന്നീട് താഴേക്ക് കൂപ്പുകുത്തുന്നതുമാണ് പതിവ്.

അന്വേഷണ ഏജന്‍സികള്‍ക്ക് സംശയം

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുവെങ്കിലും മലയാള സിനിമയിലേക്ക് കോടികളുടെ നിക്ഷേപം വരുന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണ് സിനിമയിലേക്ക് പണം മുടക്കുന്നതെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നതാണ്.

അടുത്തിടെ പുറത്തിറങ്ങിയ ഒരു ചിത്രത്തിന് ചെലവായത് ആറുകോടിക്ക് മുകളിലാണ്. അതിനു കളക്ഷന്‍ ലഭിച്ചതാകട്ടെ രണ്ടു ലക്ഷം രൂപയില്‍ താഴെയും. ഇതുപോലെ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട്. ലാഭമുണ്ടാക്കുന്ന എന്നതിലുപരി മറ്റ് പല ദുരൂഹ ഇടപാടുകളും സിനിമയില്‍ നിക്ഷേപം നടത്തുന്നതിന് പിന്നിലുണ്ടെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT