ധനമന്ത്രി ടി എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത് പല കാരണങ്ങള്‍ കൊണ്ട് സംസ്ഥാനത്തിന് തിരിച്ചടിയാകും. വെള്ളിയാഴ്ച സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകുകയുമാണ്.
ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ആദ്യഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും സംസ്ഥാനത്തിന് സാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധം വാര്‍ത്താപ്രാധാന്യം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഇതാദ്യമായി 3000 കടക്കുകയും ചെയ്തു. നഗര - ഗ്രാമ പ്രദേശ ഭേദമന്യേ കോവിഡ് ഇപ്പോള്‍ എല്ലായിടിത്തുമുണ്ട്. പരിശോധന നിരക്ക് കുറയുന്നതുകൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണം ഔദ്യോഗികമായി കുറഞ്ഞുനില്‍ക്കുന്നതെന്ന വാദവും ഇതിനിടെ ശക്തമാണ്. കോവിഡ് സാംപിള്‍ പരിശോധന നിരക്ക് കൂടുമ്പോള്‍ രോഗബാധിതരുടെ എണ്ണം കൂടുന്നത് ഈ വാദത്തിന് കരുത്തും പകരുന്നു.
അതിനിടെയാണ് ധനമന്ത്രിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ കേരളം ആദ്യഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ച മികവ് ഇപ്പോഴില്ലെന്നതിന് തെളിവായി ഒരു വിഭാഗത്തിന് ഇത് ചൂണ്ടിക്കാട്ടാനുമാകും. അതേസമയം ആദ്യഘട്ടത്തില്‍ കോവിഡിന് മുന്നില്‍ പതറിയ പല സംസ്ഥാനങ്ങളും ഇപ്പോള്‍ ആ രംഗത്ത് മികവോടെ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്.
മന്ത്രിയ്ക്ക് തന്നെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇനി ഉന്നത തല യോഗങ്ങള്‍ പലതും മാറ്റിവെയ്ക്കപ്പെടും. ഭരണ - രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്യുന്നതോടെ സുപ്രധാനമായ മീറ്റിംഗിലും തീരുമാനങ്ങളും നീണ്ടുപോകാന്‍ തന്നെയാണിട.
നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള വന്‍ കുറവ് മൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ആവശ്യക്കാര്‍ കൂട്ടത്തോടെ വരുന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരും ജോലികള്‍ തീര്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. ട്രഷറി, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ തിരക്കും പ്രശ്‌നങ്ങളും ഇതിന് ഉദാഹരണം. അണ്‍ലോക്കിംഗ് പുരോഗമിക്കുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ട് കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ആര്‍ക്കു വേണമെങ്കിലും എവിടെ നിന്നും രോഗബാധ ഉണ്ടാകാം എന്ന ഭീതി നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഭരണകര്‍ത്താക്കള്‍ക്ക് കോവിഡ് ബാധ ഇതിന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവിടെയെല്ലാം അണ്‍ലോക്കിംഗ് കൂടുതല്‍ തീവ്രതയോടെ മുന്നേറുമ്പോഴാണ് ഇവിടെ ഭീതി കൂടുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഡോ. ടി എം തോമസ് ഐസക്. ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പോലും ഡോ. തോമസ് ഐസക്ക് ആദ്യം ഉന്നയിച്ച ആവശ്യങ്ങള്‍ ഇപ്പോള്‍ ഉന്നയിച്ചു വരികയാണ്. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി വിഹിതം നേടിയെടുക്കുന്നത് സംബന്ധിച്ച കേരളത്തിന്റെ നീക്കങ്ങള്‍ക്ക് വേഗത കുറയാനും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണമായേക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine