കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) സംസ്ഥാന സര്‍ക്കാരിന് 36 കോടി രൂപ ലാഭവിഹിതം നല്‍കും
കെ.എഫ്.സിയുടെ 71-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപയാണ് ലാഭവിഹിതം. കെ.എഫ്.സിയുടെ 99% ഓഹരികള്‍ സംസ്ഥാന സര്‍ക്കാരും ബാക്കിയുള്ളത് സിഡ്ബി, എസ്.ബി.ഐ, എല്‍.ഐ.സി എന്നിവര്‍ക്കുമാണ്.
കെ.എഫ്.സിയുടെ അറ്റാദായത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി, 74.04 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ 50.19 കോടി രൂപയില്‍ നിന്ന് 47.54 ശതമാനമാണ് വര്‍ധന. വായ്പാ ആസ്തി ആദ്യമായി 7,000 കോടി രൂപ കവിഞ്ഞ് 7,368 കോടിയിലെത്തി. സ്ഥാപനത്തിന്റെ മൊത്തം ആസ്തി നടപ്പുവര്‍ഷത്തില്‍ 1064 കോടി രൂപയിലെത്തി.
മൊത്തവരുമാനം കഴിഞ്ഞ വര്‍ഷത്തെ 694.37 കോടിയില്‍ നിന്ന് 868.71 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി (non performing assets) ഫലപ്രദമായി കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 3.11 ശതമാനത്തില്‍ നിന്നും 2.88 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 0.74 ശതമാനത്തില്‍ നിന്നും 0.68 ശതമാനമായി കുറഞ്ഞു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയര്‍ത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി സ്ഥാപനത്തെ മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. 500 കോടി രൂപയായിരുന്ന കെ.എഫ്.സിയുടെ മൂലധനം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 300 കോടി രൂപ നല്‍കി 800 കോടി രൂപയായി വര്‍ധിപ്പിച്ചു. ചെറുകിട-ഇടത്തരം വ്യവസായികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുക എന്ന സര്‍ക്കാരിന്റെ നയമാണ് കെ എഫ് സി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം, എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി കെ.എഫ്.സി 3,336.66 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പ വിതരണം 4,068.85 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് കീഴില്‍ 2648 എം.എസ്.എം.ഇകള്‍ക്ക് 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ഇതുവരെ മൊത്തം 726.66 കോടി രൂപ വായ്പ നല്‍കി. കെ.എഫ്.സി യുടെ 'സ്റ്റാര്‍ട്ടപ്പ് കേരള' സ്‌കീം വഴി 68 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കി .
കെ.എഫ്.സിയുടെ വായ്പ്പാ തിരിച്ചടവ് പ്രത്യേക റിക്കവറി ഡ്രൈവുകളിലൂടെ മെച്ചപ്പെടുത്തുകയും ചെയ്തു. മുന്‍വര്‍ഷത്തെ 2332 കോടി രൂപയില്‍ നിന്ന് വായ്പ്പാ തിരിച്ചടവ് ഈ സാമ്പത്തിക വര്‍ഷം 3901 കോടി രൂപയായി വര്‍ധിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine