canva, Kerala Tourism
News & Views

ഇനി ക്യാംപര്‍ വാനില്‍ കേരളം ചുറ്റാം, ലക്ഷ്വറി ഹോട്ടല്‍ സൗകര്യങ്ങളോടെ സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് തുറക്കുന്നു

മലമ്പുഴ അണക്കെട്ടിന് സമീപമാണ് കവ ഇക്കോ ക്യാംപ് ആന്‍ഡ് കാരവന്‍ പാര്‍ക്ക് എന്ന പേരില്‍ പാർക്ക് വരുന്നത്

Dhanam News Desk

സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മലമ്പുഴ അണക്കെട്ടിന് സമീപമാണ് കവ ഇക്കോ ക്യാംപ് ആന്‍ഡ് കാരവന്‍ പാര്‍ക്ക് എന്ന പേരില്‍ ആധുനിക സംവിധാനമൊരുക്കിയത്. മലമ്പുഴ ഡാമിന്റെ ഭംഗി ആസ്വദിക്കാനായി നിരവധി സഞ്ചാരികള്‍ എത്തുന്ന പാലക്കാട് ജില്ലയിലെ സുന്ദരമായ ഗ്രാമമാണ് കവ.

12.5 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. സ്വിമ്മിംഗ് പൂള്‍, റെസ്റ്റോറന്റ്, കോഫീ ഷോപ്പ്, താമസ സൗകര്യം, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം ആറ് ക്യാംപര്‍ വാനുകള്‍ക്കും ആറ് കാരവനുകള്‍ക്കും പാര്‍ക്ക് ചെയ്യാം. കുടിവെള്ളം, സ്വീവേജ്-മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ എന്നീ സൗകര്യങ്ങളും ഒരുക്കി.

കാരവന്‍ ടൂറിസം

കൊവിഡ് മഹാമാരിക്ക് ശേഷം വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചാണ് കേരളം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോടിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കാരവന്‍ ടൂറിസത്തിന് ചുരുങ്ങിയ കാലം കൊണ്ട് വിദേശസഞ്ചാരികളെ ഉള്‍പ്പടെ ആകര്‍ഷിക്കാനായി. പകല്‍ കാഴ്ചകള്‍ കണ്ടുള്ള യാത്രയും രാത്രി കാരവന്‍ പാര്‍ക്കിലെ വിശ്രമവും - ഇതായിരുന്നു പ്രധാന ആകര്‍ഷണം.

എന്നാല്‍ പദ്ധതിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതോടെ ഇത് കടലാസില്‍ മാത്രമൊതുങ്ങി. കാരവനുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള കേന്ദ്രങ്ങളുടെ അഭാവമായിരുന്നു പ്രധാനം. ഇതോടെ പ്രതിസന്ധിയിലായ ഉടമകള്‍ കാരവനുകള്‍ സിനിമാ ചിത്രീകരണത്തിന് അടക്കം വാടകക്ക് നല്‍കുകയായിരുന്നു. വാഗമണ്ണില്‍ തുടങ്ങിയ കേരളത്തിലെ ആദ്യ കാരവന്‍ പാര്‍ക്ക് 10 മാസത്തിന് ശേഷം അടച്ചുപൂട്ടുകയും ചെയ്തു.

ലക്ഷ്വറി ഹോട്ടല്‍ സൗകര്യങ്ങള്‍

ഒരു ലക്ഷ്വറി ഹോട്ടലില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് കാരവന്‍ പാര്‍ക്കിന്റെ ഉടമസ്ഥരായ ആയുര്‍വേദമന എം.ഡി സജീവ് കുറുപ്പ് പറയുന്നു. കാരവന്‍ ടൂറിസം പദ്ധതി വിജയിക്കണമെങ്കില്‍ സംസ്ഥാനത്ത് കാരവന്‍ പാര്‍ക്കുകളുടെ ഒരു ശൃംഖല രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതിനിടെ കാരവന്‍ ടൂറിസം പദ്ധതി വിജയിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ടൂറിസം വകുപ്പ്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് കാരവന്‍ ട്രെയില്‍ രൂപീകരിക്കാനാണ് വകുപ്പിന്റെ നിലവിലെ ശ്രമം. ഇതോടെ എവിടെയൊക്കെ കാരവന്‍ പാര്‍ക്കുകള്‍ ആവശ്യമാകുമെന്നത് വ്യക്തമാകും. കൊച്ചി ബോള്‍ഗാട്ടിയിലും തിരുവനന്തപുരം പൊന്മുടിയിലും കെ.ടി.ഡി.സിയുടെ രണ്ട് കാരവന്‍ പാര്‍ക്കുകള്‍ ഇക്കൊല്ലം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് പുറമെ കാരവന്‍ യാത്രകള്‍ ബുക്ക് ചെയ്യാനായി മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറങ്ങും. കാരവന്‍ പാര്‍ക്കുകളെക്കുറിച്ചുള്ള പൂര്‍ണ വിവരവും ഇതിന് സമീപം കണ്ടിരിക്കേണ്ട കാഴ്ചകളും അടിസ്ഥാന വിവരങ്ങളും ആപ്പ് വഴി അറിയാന്‍ കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT