കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായുള്ള ഇന്ത്യയിലെ ആദ്യ ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍ കേരളത്തില്‍. ഇതിനായുള്ള കരാറില്‍ ദുബായിലെ ഡി.പി വേള്‍ഡിന് കീഴിലുള്ള ഡ്രൈഡോക്‌സ് വേള്‍ഡും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി കരാറിലെത്തി. കൊച്ചിയിലെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് (ISRF) ഇത് സ്ഥാപിക്കുക. മുംബൈയില്‍ നടന്ന മാരിടൈം വീക്കില്‍ ഡ്രൈഡോക്‌സ് സി.ഇ.ഒ റാഡോ അനോടോലോവിച്ചും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എം.ഡി മധു എസ് നായരും ധാരണാപത്രം കൈമാറി.
വിവിധ തരത്തിലുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണി സാധ്യമാകുന്ന തരത്തിലുള്ള ഷിപ്പ് ലിഫ്റ്റ് സംവിധാനവും ഡോക്കിംഗ് സൗകര്യവും നിലവില്‍ ഐ.എസ്.ആര്‍.എഫിലുണ്ട്. അന്താരാഷ്ട്ര കപ്പല്‍പാതയോട് ചേര്‍ന്നായതും നിര്‍ണായകമാണ്. ഇവിടെ ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ഇരുകമ്പനികളും പരിശോധിക്കും. കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള ലോകത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഡ്രൈഡോക്ക്‌സ് വേള്‍ഡിന്റെയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെയും പ്രവര്‍ത്തന പരിചയം ഉപയോഗിക്കും.
കപ്പല്‍ ഗതാഗത രംഗത്ത് വിദഗ്ദ്ധരായ തൊഴിലാളികളെ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ത്രികക്ഷി ധാരണയിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒപ്പുവെച്ചു. കപ്പല്‍ നിര്‍മ്മാണ-അറ്റകുറ്റപ്പണി രംഗത്ത് ഉയര്‍ന്ന പരിശീലനം ലഭിച്ച തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനായി ഡ്രൈഡോക്ക്‌സ് വേള്‍ഡ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മാരിടൈം & ഷിപ്പ് ബില്‍ഡിംഗ് (CEMS) എന്നിവരുമായാണ് ധാരണ. കപ്പല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഷിപ്പ്‌യാര്‍ഡിലെ സൗകര്യങ്ങളും സി.ഇ.എം.എസിന്റെ നൂതന സിമുലേഷന്‍ പ്രോഗ്രാമുകളും ദുബായിലെയും ഇന്ത്യയിലെയും വിദഗ്ദ്ധരുടെ മെന്റര്‍ഷിപ്പും സംയോജിപ്പിച്ചാണ് പരിശീലനം നല്‍കുക.
അതേസമയം, ഇന്ത്യയില്‍ 5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 44,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഡി.പി വേള്‍ഡ്. മൂന്ന് പതിറ്റാണ്ടിനിടെ 3 ബില്യന്‍ ഡോളറിന്റെ (ഏകദേശം 26,660 കോടി രൂപ) നിക്ഷേപം നടത്തിയതിന് പുറമെയാണിത്. ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍, പരിശീലന കേന്ദ്രം എന്നിവക്ക് പുറമെ വല്ലാര്‍പാടം ടെര്‍മിനലിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ഡി.പി വേള്‍ഡ് ധാരണയിലെത്തിയിട്ടുണ്ട്. ഇതടക്കം അഞ്ച് ധാരണാപത്രങ്ങളാണ് ഡി.പി വേള്‍ഡ് കഴിഞ്ഞ ദിവസം നടന്ന മാരിടൈം വീക്കില്‍ ഒപ്പിട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine