സംസ്ഥാനത്ത് ഈ മാസം 9 മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കേ മീന്‍ വില കുതിച്ചുയര്‍ന്നു തുടങ്ങി. കേരളതീരത്തു നിന്ന് ലഭിക്കുന്ന മത്സ്യ ഇനങ്ങള്‍ക്കെല്ലാം രണ്ടാഴ്ച മുമ്പത്തെക്കാള്‍ വില കൂടിയിട്ടുണ്ട്. ട്രോളിംഗ് ആരംഭിക്കുന്നതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
ട്രോളിംഗ് നിരോധനം ആരംഭിച്ചാല്‍ പിന്നെ മത്സ്യബന്ധനത്തിന് നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അന്യസംസ്ഥാന ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇത്തവണ ട്രോളിംഗ് നിരോധനത്തിന് മുമ്പ് തന്നെ മീന്‍വില ഉയര്‍ന്നു തുടങ്ങി. ഒരാഴ്ചയ്ക്കിടെ ഒട്ടുമിക്ക മത്സ്യങ്ങള്‍ക്കും 50 മുതല്‍ 80 രൂപ വരെയാണ് വര്‍ധിച്ചത്. മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളിക്ഷാമവുമാണ് കാരണങ്ങളെന്ന് വ്യാപാരികളും മത്സ്യത്തൊഴിലാളികളും പറയുന്നു. മലയാളികളുടെ തീന്‍മേശയിലെ പ്രധാന ഇനങ്ങളായ മത്തിക്കും അയലയ്ക്കും വില കുതിച്ചുയര്‍ന്നു.
വിവിധയിടങ്ങളില്‍ വ്യത്യസ്ത വിലയാണെങ്കിലും മത്തി വില കിലോഗ്രാമിന് 290 മുതല്‍ 340 രൂപ വരെയാണ് വില. അയല വില 360 മുതല്‍ 400 രൂപ വരെയായി. ചിലയിടങ്ങളില്‍ വലുപ്പം കുറഞ്ഞ മത്തിയും അയലയും എത്തുന്നുണ്ട്. ഇതിന്റെ വില കുറവാണ്. എന്നാല്‍, രുചി കുറവാണെന്നതിനാല്‍ വില്പന കുറവാണ്. ഹോട്ടലുകാരാണ് പ്രധാനമായും ഇതിന്റെ ഉപയോക്താക്കള്‍.
കൊഴുവ, ചെമ്മീന്‍, മോദ, കേര തുടങ്ങി കൂടുതലായി വിറ്റുപോകുന്ന ഇനങ്ങള്‍ക്കെല്ലാം വില കൂടിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഈ വര്‍ഷം കേരള തീരത്തും ആഴക്കടലിലും അനുഭവപ്പെട്ട കഠിനമായ ചൂട് കാരണം മീനുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ചൂട് കൂടുമ്പോള്‍ മത്തി, അയല തുടങ്ങിയ ജനപ്രിയ മീനുകള്‍ ആഴക്കടലിലേക്കോ മറ്റ് തണുപ്പുള്ള തീരങ്ങളിലേക്കോ ചേക്കേറുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളീയരുടെ പ്രിയപ്പെട്ട മത്തിയുടെ ലഭ്യതയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, കേരള തീരത്തു നിന്ന് വലിയ മത്തി ലഭിച്ചുതുടങ്ങിയ വര്‍ഷം കൂടിയാണിത്.
ബോട്ടുകളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെ ഉയര്‍ന്ന വില കാരണം പല പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും കടലില്‍ പോകുന്നത് കുറച്ചിരിക്കുകയാണ്. വലിയ തുക മുടക്കി കടലില്‍ പോയാലും ആവശ്യത്തിന് മീന്‍ ലഭിക്കാത്തത് ഒട്ടുമിക്ക ബോട്ടുകളെയും നഷ്ടത്തിലാക്കുന്നു. പല ബോട്ടുകളും ട്രോളിംഗിന് മുമ്പുതന്നെ കടലില്‍ പോക്ക് അവസാനിപ്പിച്ചിരുന്നു.
സാധാരണഗതിയില്‍ കേരളത്തില്‍ ട്രോളിംഗ് തുടങ്ങുന്ന സമയത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം എത്തിക്കുകയാണ് പതിവ്. ഇത്തവണ പക്ഷേ അതിര്‍ത്തി കടന്ന് മീന്‍ വലിയതോതില്‍ വന്നേക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മീന്‍വരവ് സമീപവര്‍ഷങ്ങളില്‍ വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine