News & Views

ബ്ലൂ ഇക്കോണമി: ബജറ്റ് നിർദ്ദേശങ്ങൾ മത്സ്യമേഖലയെ തകർക്കും; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

യു.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയ വള്ളങ്ങളുടെ ഉടമസ്ഥാവകാശം തൊഴിലാളികൾക്ക് നൽകുന്ന കാര്യവും ബജറ്റ് മറന്നു

Dhanam News Desk

കേരളത്തെ തുറമുഖ ഹബ്ബാക്കുമെന്ന പ്രഖ്യാപനത്തോടെ പുതിയ ബജറ്റിൽ അവതരിപ്പിച്ച 'മിഷൻ സമുദ്ര' പദ്ധതികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും തൊഴിലിടങ്ങൾക്കും കടുത്ത ഭീഷണിയാണെന്ന് കേരള മൽസ്യത്തൊഴിലാളി ഐക്യവേദി (TUCI) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് അനുകൂല 'ബ്ലൂ ഇക്കോണമി' നയത്തിന്റെ കേരള പതിപ്പാണ് ഈ ബജറ്റിലുള്ളത്. മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ചോ വികസന പ്രവർത്തനങ്ങളെക്കുറിച്ചോ തൊഴിലാളി സംഘടനകളുമായി യാതൊരുവിധ ചർച്ചയും നടത്താതെ പി.പി.പി മാതൃകയിൽ പ്രഖ്യാപിച്ച ഈ തീവ്രവേഗ പദ്ധതികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മത്സ്യമേഖലയോടുള്ള കടുത്ത അവഗണനയാണ് ബജറ്റിൽ ഉടന്നീളമുള്ളത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ബജറ്റിൽ വകയിരുത്തിയിരുന്ന 239.12 കോടി രൂപയുടെ വിഹിതം പുതിയ ബജറ്റിൽ കേവലം 200.99 കോടി രൂപയായി വെട്ടിക്കുറച്ചു. മണ്ണെണ്ണ വില ലിറ്ററിന് 103 രൂപയിൽ നിന്നും 168 രൂപയായി കുതിച്ചുയർന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച 75 രൂപയുടെ സബ്സിഡി തികച്ചും അപര്യാപ്തമാണ്. തൊട്ടടുത്ത തമിഴ്നാട്ടിൽ ലിറ്ററിന് 15 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ നൽകുന്നത്.

ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കടൽത്തീരത്ത് 13 കോസ്റ്റൽ ഡെവലപ്‌മെന്റ് സോണുകളും 12 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകളും കപ്പൽ നിർമ്മാണ-പൊളിശാലകളും പ്രഖ്യാപിച്ചപ്പോൾ തൊഴിലാളികളുടെ പുനരധിവാസത്തെ കുറിച്ചോ നഷ്ടപരിഹാരത്തെ സംബന്ധിച്ചോ യാതൊരു പരാമർശവുമില്ല. കേന്ദ്രത്തിന്റെ 'ഡെഡിക്കേറ്റഡ് മിനറൽ കോറിഡോർ' പദ്ധതിയെയും ആഴക്കടൽ കുത്തകവൽക്കരണത്തെയും ബജറ്റ് നിശബ്ദമായി പിന്തുണയ്ക്കുകയാണ്.

കേരളത്തിലെ ഇരുപതിനായിരത്തോളം യാനങ്ങൾ കിഴക്കുപടിഞ്ഞാറായി സഞ്ചരിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ, ബജറ്റിൽ വിഭാവനം ചെയ്യുന്ന തെക്കുവടക്ക് കപ്പൽ ഗതാഗതം ഇവരുടെ തൊഴിലിനെ പ്രതിസന്ധിയിലാക്കും. ഉത്പാദന പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലോ, തകർച്ച നേരിടുന്ന വേമ്പനാട്ട് കായലിന്റെ പുനസംഘടനയിലോ ബജറ്റിന് കാഴ്ചപ്പാടില്ല.

യു.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയ വള്ളങ്ങളുടെ ഉടമസ്ഥാവകാശം തൊഴിലാളികൾക്ക് നൽകുന്ന കാര്യവും ബജറ്റ് മറന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനോ ഉൽപാദന മേഖലയെ പുനസംഘടിപ്പിക്കാനോ ശ്രമിക്കാതെ, കേരളത്തെ സിംഗപ്പൂർ ആക്കാൻ നോക്കുന്ന ഈ ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങൾക്ക് സംഘടന മുൻകൈയെടുക്കുമെന്നും ചാൾസ് ജോർജ് വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT