News & Views

ദുരിതാശ്വാസ സാമഗ്രികൾക്ക് ചെലവഴിക്കുന്ന തുക സിഎസ്ആർ ആയി കണക്കാക്കാം  

Dhanam News Desk

കേരളത്തിനുവേണ്ട ദുരിതാശ്വാസ സാമഗ്രികൾക്കായി ചെലവഴിക്കുന്ന പണം സിഎസ്ആറിന്റെ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഭാഗമായി കണക്കാക്കാമെന്ന് കമ്പനി മന്ത്രാലയം വ്യക്തമാക്കി.

കമ്പനി ആക്ട് (2013) പ്രകാരം കമ്പനികൾ തങ്ങളുടെ ലാഭത്തിന്റെ 2 ശതമാനം സിഎസ്ആറിനായി മാറ്റി വക്കണം. സിഎസ്ആർ ചട്ടങ്ങളും പണം ചെലവഴിക്കേണ്ട മേഖലകളും കമ്പനി ആക്ട് ഷെഡ്യൂൾ 7, സെക്ഷൻ 135 ൽ ആണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ 'ദുരിതാശ്വാസം' ഉൾപ്പെട്ടിട്ടില്ല.

എന്നാൽ, ദുരിതാശ്വാസ സാമഗ്രികൾക്കായി പണം ചെലവിടുമ്പോൾ അത് വൈദ്യസഹായം (medical aid), ശുചീകരണം (sanitation), ആവശ്യക്കാർക്ക് പാർപ്പിട നിർമ്മാണം (providing housing and shelter) എന്നിവയിൽ ഉൾപ്പെടുത്തി നൽകാം.

ഇക്കഴിഞ്ഞ ആഴ്ചകളിൽ നിരവധി ബിസിനസുകളും ചേംബറുകളും ഇക്കാര്യത്തിൽ ഉപദേശം തേടി സർക്കാരിനെ സമീപിച്ചിരുന്നു.

മെഡിക്കൽ സഹായം നൽകുന്നുണ്ടെങ്കിൽ അത് ആരോഗ്യ സംരക്ഷണത്തിനായി ചെലവിട്ട തുകയായി കാണിക്കാം. ഭക്ഷണ സാമഗ്രികൾ എത്തിച്ചു നല്കുന്നുണ്ടെങ്കിൽ അത് ദാരിദ്യ്രം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവ തുടച്ചു നീക്കുന്നതിലേയ്ക്ക് നൽകിയ സംഭാവനയായി കണക്കാക്കി സിഎസ്ആറിൽ ഉൾപ്പെടുത്താം. ശുദ്ധജല വിതരണം ശുചീകരണം, കുടിവെള്ള വിതരണം എന്നിവയിൽ ഉൾപ്പെടുത്താം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുന്ന സംഭാവന ഇപ്പോൾത്തന്നെ സിഎസ്ആറിന്റെ ഭാഗമായി കണക്കാക്കുന്നുണ്ട്.

പ്രളയക്കെടുതിയിൽ കേരളത്തിന് ഏതാണ്ട് 50,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT