gold merchants Image courtesy : AdobeStocks
News & Views

സ്വര്‍ണവിലയില്‍ ഇളവ്! പവന് കുറഞ്ഞത് 400 രൂപ, നികുതിയും പണിക്കൂലിയും അടക്കം കേരളത്തിലെ ഇന്നത്തെ വിലയിങ്ങനെ

ഏപ്രില്‍ മാസത്തിലാണ് യു.എസിലേക്കുള്ള ഇറക്കുമതിക്ക് മിക്ക രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ ചുമത്തിയത്

Dhanam News Desk

താരിഫ് യുദ്ധത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന സൂചനകള്‍ക്കിടെ സ്വര്‍ണവിലയില്‍ ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,010 രൂപയെന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില. പവന് 400 രൂപ കുറഞ്ഞ് 72,080 രൂപയിലുമെത്തി. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,390 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 116 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ചില രാജ്യങ്ങള്‍ക്ക് സമയ പരിധിയില്‍ ഇളവ് നല്‍കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ പദവിക്ക് ഇളക്കം തട്ടി. ഔണ്‍സിന് 30 ഡോളറോളം നഷ്ടത്തില്‍ 3,307 ഡോളറെന്ന നിലയിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

മിക്ക രാജ്യങ്ങളുമായും അടുത്ത ദിവസങ്ങളില്‍ തന്നെ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. ഇതിന് കഴിയാത്ത രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നും ഉറപ്പാണ്. ഇതുസംബന്ധിച്ച ഉത്തരവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. ഏപ്രില്‍ മാസത്തിലാണ് യു.എസിലേക്കുള്ള ഇറക്കുമതിക്ക് മിക്ക രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ ചുമത്തിയത്. പിന്നാലെ സമവായ ചര്‍ച്ചകള്‍ക്കായി ജൂലൈ 9 വരെ അവധിയും ട്രംപ് അനുവദിച്ചിരുന്നു. തീരുവ യുദ്ധം സമവായത്തിലെത്തുന്ന് ഏകദേശം ഉറപ്പായതോടെ ഇനി പുറത്തുവരാനിരിക്കുന്ന യു.എസ് പണനയമാകും ( US Fiscal Policy) സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,080 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 78,008 രൂപയെങ്കിലും കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT