canva
News & Views

സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്, പവന് കൂടിയത് 520 രൂപ, വെള്ളി വിലയിലും റെക്കോര്‍ഡ്

താരിഫ് യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ സ്വര്‍ണം പുതിയ ഉയരങ്ങളിൽ

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9,140 രൂപയിലെത്തി. പവന് 520 രൂപ ഉയര്‍ന്ന് 73,120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ജൂലൈ ഒമ്പതിന് രേഖപ്പെടുത്തിയ പവന് 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,490 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്നും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 4 രൂപ വര്‍ധിച്ച് 122 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം. സര്‍വകാല റെക്കോഡാണിത്. അടുത്ത ദിവസങ്ങളിലും വെള്ളി വില വര്‍ധിക്കുമെന്നാണ് സൂചന.

തീരുവ യുദ്ധത്തിന് അയവില്ല

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തീരുവ യുദ്ധം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ ഉയരങ്ങളിലെത്തിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 38 ഡോളറോളം വര്‍ധിച്ച സ്വര്‍ണം 3,355 ഡോളറിലെത്തി. ആഴ്ചയുടെ തുടക്കത്തില്‍ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ശക്തമായി നിന്നത് സ്വര്‍ണത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ താരിഫ് യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ സ്വര്‍ണം പുതിയ ഉയരങ്ങള്‍ തേടി. മഞ്ഞലോഹത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങി.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73,120 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 79,132 രൂപയെങ്കിലും കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT