News & Views

ഉച്ചയ്ക്കുശേഷം സ്വര്‍ണത്തില്‍ വീണ്ടും വര്‍ധന; ഉപയോക്താക്കള്‍ എത്ര കൂടുതല്‍ കൊടുക്കണം?

ഈ വര്‍ഷം ഇതുവരെയുള്ള 14 ദിവസത്തിനിടെ സ്വര്‍ണവില പവന് കൂടിയത് 6,560 രൂപയാണ്.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും വര്‍ധന. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഉച്ചകഴിഞ്ഞ് മാത്രം 280 രൂപ ഇതോടെ വര്‍ധിച്ചു. രാവിലെ 800 രൂപയായിരുന്നു പവനില്‍ കൂടിയത്.

പുതിയ വര്‍ധനയോടെ ഇന്നത്തെ 1,080 രൂപയാണ് ഇന്ന് മാത്രം സ്വര്‍ണത്തില്‍ കൂടിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 13,200 രൂപയും പവന് 1,05,600 രൂപയുമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയാണ് കൂടിയത്.

ആഗോളതലത്തിലെ സംഘര്‍ഷങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നീണ്ടുനില്‍ക്കുന്ന സംഘര്‍ഷ സമയങ്ങളില്‍ ഓഹരി വിപണിയിലോ മറ്റ് മേഖലകളിലോ നിക്ഷേപകര്‍ക്ക് വിശ്വാസം കുറയുകയും അവര്‍ സ്വര്‍ണത്തില്‍ മാത്രം ആശ്വാസം കണ്ടെത്തുകയുമാണ് സാധാരണരീതി.

യുഎസില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. വരുംദിവസങ്ങളിലും വില വര്‍ധിക്കുന്ന പ്രവണത തുടരുമെന്നാണ് വിവരം.

ജനുവരിയില്‍ കുതിപ്പ്

ഈ വര്‍ഷം ഇതുവരെയുള്ള 14 ദിവസത്തിനിടെ സ്വര്‍ണവില പവന് കൂടിയത് 6,560 രൂപയാണ്. ജനുവരി ഒന്നിന് വില 99,040 രൂപയായിരുന്നു. ജനുവരി അഞ്ചിനാണ് ഒരു ലക്ഷം പിന്നിട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ വിലയിലൊരു കുതിപ്പായിരുന്നു. സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്.

ആഭരണം വാങ്ങാന്‍

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,15,540 രൂപ നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT