ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വര്‍ണവില താഴുന്നു. നവംബര്‍ അഞ്ചിന് പവന് 1,07,080 രൂപയുണ്ടായിരുന്ന സ്വര്‍ണവില നിലവില്‍ 1,00,320 രൂപയാണ്. ഇന്ന് മാത്രം പവനില്‍ 600 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ പത്തുദിവസത്തിനിടെ പവനില്‍ 7,000 രൂപയോളം താഴുന്നു. ഇന്നത്തെ ഗ്രാം വില 12,540 രൂപയാണ്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചെറുകാരറ്റുകളുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 10,265 രൂപയാണ് ഇന്നത്തെ വില. ഗ്രാമില്‍ 60 രൂപയുടെ ഇടിവ്, പവന്‍ വില 82,120 രൂപ. 14 കാരറ്റിന്റെ വില ഗ്രാമിന് 8,030 രൂപയും പവന് 64,240 രൂപയുമാണ്. വെള്ളിവിലയും അതിവേഗം കുറയുകയാണ്. ഇന്നത്തെ വില ഗ്രാമിന് 190 രൂപയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് യുഎസ് ഡോളറിന്റെ മൂല്യമാണ്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവ് കൂടും. ഇത് ആഗോള ഡിമാന്‍ഡിനെ ബാധിക്കാം.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണവിപണിക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പം ഉയര്‍ന്നുനിന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയോ വീണ്ടും വര്‍ധിപ്പിക്കുകയോ ചെയ്യുമെന്ന ആശങ്കയുണ്ട്.
പലിശനിരക്ക് ഉയരുമ്പോള്‍ സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണം കൂടും. പലിശവരുമാനം ലഭിക്കാത്ത സ്വര്‍ണത്തിലേക്കുള്ള നിക്ഷേപതാല്‍പര്യം കുറയാനും ഇത് കാരണമാകും.
ദീപാവലി സീസണിലെ സ്വര്‍ണവാങ്ങലിന് പിന്നാലെ ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതും വിലയിടിവിന് കാരണമായി. ഉത്സവകാലത്ത് ആഭരണങ്ങള്‍ക്കും നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിനും ആവശ്യക്കാര്‍ കൂടുതലായിരുന്നെങ്കിലും പിന്നീട് വാങ്ങലിന്റെ വേഗം കുറഞ്ഞു.
ആഗോള വിപണിയിലെ ദുര്‍ബല പ്രവണതകള്‍ക്കൊപ്പം ആഭ്യന്തര ഡിമാന്‍ഡും കുറഞ്ഞത് വിലയിലെ ഇടിവിന് ആക്കംകൂട്ടി. സ്വര്‍ണവിലയുടെ അടുത്ത നീക്കം പ്രധാനമായും യുഎസ് സാമ്പത്തിക കണക്കുകളെയും ഫെഡറല്‍ റിസര്‍വിന്റെ ഡിസംബറിലെ പലിശനിരക്ക് തീരുമാനത്തെയും ആശ്രയിച്ചിരിക്കും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,08,513 രൂപയ്ക്ക് അടുത്താകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine