image credit : canva canva
News & Views

പൊന്നിന് ഇന്ന് പെരുന്നാള്‍ തിരക്ക്, മാറ്റമില്ലാതെ വില, കച്ചവടം പൊടിക്കാന്‍ വ്യാപാരികള്‍, സ്വര്‍ണം വാങ്ങാന്‍ ഇന്ന് എത്ര കൊടുക്കണം?

യു.എസിന്റെ പൊതുകടം, വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാകുമെന്ന സൂചന, ഇസ്രയേല്‍-ഹമാസ്, റഷ്യ-യുക്രെയിന്‍ യുദ്ധം എന്നിവ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന പദവി തിരികെയെത്തിച്ചെന്നാണ് വിലയിരുത്തല്‍

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയായ പവന് 73,040 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിന് 9,130 രൂപയാണ് വില. ലൈറ്റ് വെയിറ്റ് സ്വര്‍ണഭാരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല, ഗ്രാമിന് 7,490 രൂപ. വെള്ളിവില ഗ്രാമിന് 113 രൂപയായി തുടരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കയറ്റത്തിലാണ്. ഇന്ന് ട്രോയ് ഔണ്‍സിന് 18 ഡോളറോളം കയറിയ സ്വര്‍ണത്തിന് നിലവില്‍ 3,372 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് വില വര്‍ധിപ്പിച്ചതെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ യു.എസിന്റെ പൊതുകടം, വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാകുമെന്ന സൂചന, ഇസ്രയേല്‍-ഹമാസ് യുദ്ധം, റഷ്യ-യുക്രെയിന്‍ യുദ്ധം എന്നിവ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന പദവി തിരികെയെത്തിച്ചെന്നാണ് വിലയിരുത്തല്‍. ഇനിയും സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ പറയുന്നു. ഇനി പുറത്തുവരാനിരിക്കുന്ന യു.എസ് തൊഴില്‍ കണക്കും റിസര്‍വ് ബാങ്കിന്റെ പലിശ നിരക്കും സ്വര്‍ണവിലയെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

പെരുന്നാള്‍ ഷോപ്പിംഗ് പൊടിപൊടിക്കും

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,040 രൂപയാണെങ്കിലും ഇതേതൂക്കത്തിലൂള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ നല്‍കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 82,807 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. ശനിയാഴ്ച പെരുന്നാള്‍ ദിവസമായതിനാല്‍ ഇന്ന് മികച്ച കച്ചവടം ലഭിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഇന്ന് വില വര്‍ധിക്കാത്തതും വില്‍പ്പന കൂട്ടാന്‍ സഹായിക്കുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT