സംസ്ഥാനത്തെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 9,005 രൂപയും പവന് 72,040 രൂപയുമാണ് വില. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,410 രൂപയാണ്. വെള്ളിവില ഗ്രാമിന് 109 രൂപ.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 3,350.80 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്ന് രാവിലെ 10 മണിക്ക് ഔണ്‍സിന് 3,322.97 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ തുടരുമെന്നാണ് സൂചന.
നേരത്തെ ഔണ്‍സിന് 3,500 ഡോളറിന് മുകളിലെത്തിയ സ്വര്‍ണ വില ട്രംപ് നിലപാട് മയപ്പെടുത്തിയതോടെയാണ് താഴേക്ക് ഇറങ്ങിയത്. ഫെഡ് ചെയര്‍മാനെ മാറ്റില്ലെന്നും ചൈനയുമായുള്ള വ്യാപാര തര്‍ക്കം രമ്യമായി പരിഹരിച്ചേക്കുമെന്ന സൂചനകള്‍ സ്വര്‍ണവിലയിലും സ്വാധീനിച്ചു. കൂടാതെ ഡോളര്‍ വിനിമയ നിരക്ക് മെച്ചപ്പെട്ടതും സ്വര്‍ണവിലയില്‍ പ്രകടമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടിയ വിലക്ക് സ്വര്‍ണം വാങ്ങിയവര്‍ ലാഭമെടുപ്പ് തുടങ്ങിയതും വില കുറയാന്‍ ഇടയാക്കി.
അതേസമയം, വ്യാപാരയുദ്ധം വര്‍ധിക്കാനുള്ള സാഹചര്യമുണ്ടായാല്‍ സ്വര്‍ണ വില ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കാമെന്നാണ് വിലയിരുത്തല്‍. ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന നിലപാടിലാണ് ചൈന. ഇതോടെ വ്യാപാരയുദ്ധത്തിന്റെ ഗതി എങ്ങോട്ടെന്ന ആകാശയിലാണ് നിക്ഷേപകര്‍.
ഒരുപവന്‍ സ്വര്‍ണ വില 72,040 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,964 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine