News & Views

സ്വര്‍ണം തലകുത്തി വീണു! ഇന്ന് മാത്രം കുറഞ്ഞത് ₹1,880; രണ്ടാഴ്ചയ്ക്കിടെ ഇടിഞ്ഞത് ₹11,240, ഇനിയും താഴുമോ?

കേരളത്തിലെ സ്വർണ വ്യാപാര മേഖല ഈ വിലക്കുറവിനെ പോസിറ്റീവായാണ് കാണുന്നത്

Dhanam News Desk

സ്വര്‍ണവിലയില്‍ കുത്തനെയുള്ള ഇടിവ് തുടരുന്നു. ഇന്ന് മാത്രം പവന് താഴ്ന്നത് 1,880 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,840യിലെത്തി. ഇന്ന് ഒരു ഗ്രാമില്‍ കുറഞ്ഞത് 235 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 11,980 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയുമാണ്. 14 കാരറ്റിന് 7,675 രൂപയും 61,400 രൂപയുമായി കുറഞ്ഞു. വെള്ളിവില 180യിലേക്കും താഴ്ന്നു.

പ്രതിഫലനം കേരളത്തിലെ വില്‍പനയിലും

അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലുണ്ടാകുന്ന തുടര്‍ച്ചയായ ഇടിവിന്റെ പ്രതിഫലനം കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയിലും പ്രകടമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ ഉണ്ടായ ഗണ്യമായ കുറവ് ഉപഭോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.

നവംബര്‍ 5ന് കേരളത്തില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്ന വില നവംബര്‍ 19ന് 95,840 രൂപയായി കുറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ ഒരു പവന് 12,000 രൂപയ്ക്ക് അടുത്താണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ തിരുത്തലാണ് ഉണ്ടായിരിക്കുന്നത്. നവംബര്‍ 18ന് ട്രോയ് ഔണ്‍സിന് ഏകദേശം 3,770 ഡോളര്‍ നിലവാരത്തിലേക്ക് വില താഴ്ന്നു. അമേരിക്കന്‍ ഡോളറിന്റെ ശക്തമായ മുന്നേറ്റവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളിലുണ്ടായ മാറ്റങ്ങളുമാണ് ആഗോള വിപണിയിലെ ഇടിവിന് പ്രധാന കാരണങ്ങള്‍.

കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഈ വിലക്കുറവിനെ പോസിറ്റീവായാണ് കാണുന്നത്. ഉയര്‍ന്ന വില കാരണം സ്വര്‍ണം വാങ്ങുന്നത് മാറ്റിവെച്ചിരുന്ന നിരവധി ഉപഭോക്താക്കള്‍ ഇപ്പോള്‍ വീണ്ടും ജുവലറികളിലേക്ക് എത്തുന്നുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് കുടുംബ ആവശ്യങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ്.

വ്യാപാരികള്‍ക്ക് വെല്ലുവിളി

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം വ്യാപാരികള്‍ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് വാങ്ങി സ്റ്റോക്ക് ചെയ്ത സ്വര്‍ണത്തിന്റെ വിപണിമൂല്യം പെട്ടെന്ന് കുറയുന്നത് വ്യാപാരികളെ ബാധിക്കുന്നുണ്ട്. സ്വര്‍ണവിലയിലെ ഈ ഇടിവ് ദീര്‍ഘകാല പ്രവണതയുടെ തുടക്കമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങള്‍, അമേരിക്കന്‍ പലിശനിരക്ക്, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, കേന്ദ്രബാങ്കുകളുടെ സ്വര്‍ണ നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,02,670 രൂപയ്ക്ക് അടുത്താകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT