തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 93,720 രൂപയായി. ഗ്രാം വില 11,715 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,585 രൂപയും പവന് 76,680 രൂപയുമാണ്. 14 കാരറ്റിന് 7,505 രൂപയാണ് ഗ്രാമിന്. പവന് 60,040 രൂപയും.
കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവും വെള്ളിയും തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തിയെന്നതാണ് ഇൗയാഴ്ചയിലെ ഹൈലൈറ്റ്. വില കുറഞ്ഞപ്പോള്‍ നിക്ഷേപകര്‍ നടത്തിയ വാങ്ങലും ആഗോള ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഈ തിരിച്ചുകയറ്റത്തിന് പ്രധാന പിന്തുണയായത്.
എന്നാല്‍, ഈ മുന്നേറ്റത്തിന്റെ തുടര്‍ച്ച നിര്‍ണയിക്കുക അമേരിക്കയുടെ സാമ്പത്തിക സൂചികകളായിരിക്കും. ഫെഡറല്‍ റിസര്‍വിന്റെ പലിശനയവും ഡോളറിന്റെ മൂല്യവും അമേരിക്കന്‍ ട്രഷറി യീല്‍ഡും സ്വര്‍ണവിലയെ സ്വാധീനിക്കും. ബുധനാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പ കണക്കുകള്‍ പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകളില്‍ നിര്‍ണായക മാറ്റമുണ്ടാക്കാം.
നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഓഹരി വിപണിയിലെ കൂട്ടവില്പ്പനയും സ്വര്‍ണത്തെ ബാധിച്ചു. സാമ്പത്തിക വിപണികളില്‍ നഷ്ടം നേരിട്ട നിക്ഷേപകര്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ വിറ്റഴിക്കുന്നതും വിലയില്‍ സമ്മര്‍ദം സൃഷ്ടിക്കാം.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷസാധ്യതയും റഷ്യ-യുക്രെയ്ന് യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.
വിവാഹ സീസണില്‍ ആഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വിലയിടിവ് ആശ്വാസമാണ്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യം.
സ്വര്‍ണ വായ്പാ രംഗത്തും വിലയിടിവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പണയംവെച്ച സ്വര്‍ണത്തിന്റെ വിപണി മൂല്യം കുറയുന്നതോടെ വായ്പയും ഈടിന്റെ മൂല്യവും തമ്മിലുള്ള അനുപാതം (LTV) ഉയരും. കേരളത്തില്‍ ശക്തമായ സാന്നിധ്യമുള്ള സ്വര്‍ണ വായ്പാ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും വായ്പാ തിരിച്ചടവും ഈടിന്റെ മൂല്യവും സൂക്ഷ്മമായി നിരീക്ഷിക്കേണ്ട സാഹചര്യമാണിത്.
തിങ്കളാഴ്ച പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, അതിനുമേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് ഒരു പവന് സ്വര്‍ണാഭരണം ഇപ്പോള്‍ വാങ്ങുന്നതിന് 1,02,012 രൂപയിലധികം ചെലവാക്കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനില്‍ വരുന്ന മാറ്റത്തിനനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine