News & Views

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒറ്റയടിക്ക് ₹760 കൂടി, ആഭരണം വാങ്ങുന്നവര്‍ ഞെട്ടുമോ?

യുഎസ് ഡോളര്‍ ദുര്‍ബലമായതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്താകുന്നത്

Dhanam News Desk

ദീപാവലിക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് പവന് 760 രൂപ വര്‍ധിച്ച് 1,06,040 രൂപയായി. ഗ്രാമിന് ഇന്നത്തെ വില 13,255 രൂപയാണ്, കൂടിയത് 95 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 10,850 രൂപയും പവന് 86,800 രൂപയുമായും ഉയര്‍ന്നു. 14 കാരറ്റിന്റെ വില പവന് 67,880 രൂപയാണ്.

യുഎസ് ഡോളര്‍ ദുര്‍ബലമായതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്താകുന്നത്. എന്നാല്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷ വിലയിലെ കുതിപ്പിന് തടസമാകുന്നു.

യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് സ്വര്‍ണത്തിന് പ്രധാന പിന്തുണ നല്‍കുന്നത്. ആറ് പ്രധാന വിദേശ കറന്‍സികളുമായുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളര്‍ സൂചിക തിങ്കളാഴ്ച രാവിലെ 0.1 ശതമാനം താഴ്ന്നു. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം താരതമ്യേന കുറഞ്ഞ ചെലവില്‍ വാങ്ങാനാകും. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കാനും സ്വര്‍ണവില ഉയരാനും സഹായിക്കും.

ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും സ്വര്‍ണത്തിന് അനുകൂലമായി. സ്വര്‍ണവില കൂടുതല്‍ ഉയരുന്നതിന് പ്രധാന തടസം അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വമാണ്. പലിശനിരക്ക് ഉയരുമ്പോള്‍ യുഎസ് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കാം. പലിശവരുമാനം ലഭിക്കാത്ത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം ഇതോടെ കുറയാന്‍ സാധ്യതയുണ്ട്.

ഇനി നിര്‍ണായകം യുഎസ് പണപ്പെരുപ്പ കണക്കുകള്‍

ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളിലേക്കാണ് നിക്ഷേപകരുടെ ശ്രദ്ധ. വിലക്കയറ്റം പ്രതീക്ഷിച്ചതിലും കുറവാണെങ്കില്‍ പലിശനിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിക്കപ്പെടാം. മറിച്ച് പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നത് ഫെഡിന്റെ കര്‍ശന പണനയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങളും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും. പലിശനിരക്ക് സംബന്ധിച്ച് അവര്‍ നല്‍കുന്ന സൂചനകള്‍ ഡോളറിന്റെയും കടപ്പത്രങ്ങളുടെയും നീക്കത്തില്‍ പ്രതിഫലിക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,16,010 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT