ആഗോള സംഘര്‍ഷങ്ങളും ഡിമാന്‍ഡ് വര്‍ധനയും സ്വര്‍ണത്തില്‍ ഏശുന്നില്ല. സ്വര്‍ണ വിപണിയില്‍ ഇന്നും വിലയിടിവ്. ഗ്രാമിന് 40 രൂപയും പവനില്‍ 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന്റെ വില 13,840 രൂപയും പവന് 1,110,720 രൂപയുമായി. വെള്ളിവില ഗ്രാമിന് 240 രൂപ.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,370 രൂപയിലെത്തി. പവന് 90,960 രൂപയും. 14 കാരറ്റിന്റെ വില ഗ്രാമിന് 8,855 രൂപയും പവന് 90,960 രൂപയുമാണ്.
ജനുവരിയില്‍ റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണം പിന്നീട് വലിയ തിരുത്തലിന് വിധേയമായി. ഒക്ടോബറില്‍ വിലയില്‍ ഭാഗികമായ തിരിച്ചുവരവുണ്ടായെങ്കിലും സ്ഥിരമായ മുന്നേറ്റം തുടങ്ങിയെന്ന് ഉറപ്പിക്കാനായിട്ടില്ല. യുഎസ് ട്രഷറി ബോണ്ടുകളുടെ വരുമാനനിരക്ക് ഉയരുന്നതാണ് സ്വര്‍ണത്തിന് സമ്മര്‍ദമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്നതുപോലെ സ്വര്‍ണത്തില്‍ നിന്ന് പലിശ വരുമാനം ലഭിക്കില്ല. അതിനാല്‍ ബോണ്ടുകളുടെ വരുമാനം ആകര്‍ഷകമാകുമ്പോള്‍ ചില നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് മാറി ചിന്തിച്ചേക്കാം.
ഡോളറിന്റെ കരുത്തും സ്വര്‍ണത്തിന് തിരിച്ചടിയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ഡോളറിലാണ് കണക്കാക്കുന്നത്. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള ചെലവ് കൂടും. ഇത് ആവശ്യകതയെ ബാധിക്കാം.
2026 ജനുവരി 29ന് സ്വര്‍ണവില ഔണ്‍സിന് ഏകദേശം 5,595 ഡോളര്‍ വരെ എത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ വില ഏകദേശം 25% താഴെയാണ്.
ജൂണില്‍ ജെപി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച് പുറത്തിറക്കിയ വിലയിരുത്തല്‍ പ്രകാരം, 2026ന്റെ നാലാം പാദത്തില്‍ സ്വര്‍ണത്തിന്റെ ശരാശരി വില ഔണ്‍സിന് 6,000 ഡോളറിലെത്താം. 2027 അവസാനത്തോടെ വില 6,300 ഡോളറിലേക്ക് ഉയരുമെന്നും ബാങ്ക് പ്രവചിക്കുന്നു.
ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനങ്ങള്‍, വിലക്കയറ്റം, ഊര്‍ജവില, ഡോളറിന്റെ കരുത്ത്, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ ഭാവി നിര്‍ണയിക്കും. കേന്ദ്രബാങ്കുകളുടെ വാങ്ങലും നിക്ഷേപപ്രവാഹങ്ങളും നിര്‍ണായകമാണ്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,19,550 രൂപയെങ്കിലും ആകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine