സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഓരോ ദിവസവും കൂടുകയും കുറയുകയുമെന്ന ട്രെന്റിലാണ് സ്വര്‍ണം മുന്നോട്ടു പോകുന്നത്. ഇന്ന് ഗ്രാമിന് 140 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാം വില 13,995 രൂപയായി താഴ്ന്നു. പവനില്‍ 1,120 രൂപ കുറഞ്ഞ് 1,11,960 രൂപയായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത് വിലയിലും പ്രതിഫലിക്കുന്നുണ്ട്. 22 കാരറ്റ് വില കൂടി നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ചെറുകാരറ്റുകളുടെ വില്പന വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റിന് ഇന്ന് 11,500 രൂപയാണ് വില. പവന് 92,000 രൂപയാണ്. 14 കാരറ്റിന് ഗ്രാമിന് 8,955 രൂപയും പവന് 71,640 രൂപയുമാണ്. വെള്ളിവില 245 രൂപയില്‍ തുടരുന്നു.
അമേരിക്കന്‍ ഡോളര്‍ ശക്തമായതും യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും ആഗോളതലത്തില്‍ സ്വര്‍ണവിലയ്ക്ക് തിരിച്ചടിയായി. ഔണ്‍സിന് 4,300 ഡോളറിന് താഴെയെത്തിയ സ്വര്‍ണം 4,279.80 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതും സ്വര്‍ണത്തിന് സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്.
നിക്ഷേപ ആവശ്യവും ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന വിപണികളിലെ ഭൗതിക ആവശ്യവും സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വിവാഹ-ഉത്സവ സീസണിലെ ആവശ്യകത നിലനില്‍ക്കുന്നതിനൊപ്പം ചൈനയിലെ സ്വര്‍ണ ഇറക്കുമതിയും ശക്തമാണ്.
പലിശനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലും സ്വര്‍ണത്തിന് കാര്യമായ പിന്തുണ ലഭിക്കുന്നത് നിക്ഷേപകരുടെ താല്‍പര്യം തുടരുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തല്‍. യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളും അമേരിക്കയിലെ പ്രധാന പണപ്പെരുപ്പ കണക്കുകളും സ്വര്‍ണവിലയുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,21,350 രൂപയ്ക്കു മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine