chatgpt, canva
News & Views

അമ്പമ്പോ എന്തൊരു പോക്ക്! ഒറ്റദിവസം സ്വര്‍ണവിലയില്‍ 2,200ന്റെ കുതിപ്പ്; ഇപ്പോള്‍ വാങ്ങാന്‍ പറ്റിയ സമയമോ ?

ഇന്നലെ ഒരു പവന് 72,120 രൂപയായിരുന്നു വില ഇന്ന് 74,320 രൂപയിലേക്കാണ് കുതിച്ചു കയറിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 24 മണിക്കൂറിനിടെ 275 രൂപയാണ് ഉയര്‍ന്നത്

Dhanam News Desk

ആഗോള വിപണിക്കൊപ്പം കരുത്തുകാട്ടിയതോടെ സ്വര്‍ണവില ഒരൊറ്റ ദിവസം ഉയര്‍ന്നത് പവന് 2,200 രൂപ. ഇന്നലെ ഒരു പവന് 72,120 രൂപയായിരുന്നു വില ഇന്ന് 74,320 രൂപയിലേക്കാണ് കുതിച്ചു കയറിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 24 മണിക്കൂറിനിടെ 275 രൂപയാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് പൊന്നിന്റെ വില ഗ്രാമിന് 7,650 രൂപയായി. വെള്ളിവില 109 രൂപയില്‍ തന്നെയാണ്.

അന്താരാഷ്ട്ര സ്വര്‍ണവില 3,485 ഡോളറാണ്. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. 3,500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് സ്വര്‍ണ വിപണി നല്‍കുന്നത്.

കാരണം രാജ്യാന്തരം

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ പ്രകമ്പനം തന്നെയാണ് സ്വര്‍ണത്തില്‍ വലിയ കുതിപ്പിന് ഇടയാക്കുന്നത്. താരിഫ് യുദ്ധവും ഓഹരി വിപണികളിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ കണ്ണ് സ്വര്‍ണത്തിലേക്ക് പതിക്കാന്‍ ഇടയാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണം നിക്ഷേപകര്‍ക്ക് വലിയ നേട്ടം നല്‍കിയിരുന്നു. സുരക്ഷിത നിക്ഷേപം എന്ന പൊതുവികാരവും സ്വര്‍ണവില ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

ഒരുപവന്‍ സ്വര്‍ണത്തിന് നല്‍കണം

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 80,430 രൂപയോളമാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

ഇനിയും കൂടുമോ?

വില ഇനിയും കൂടുമെന്നാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ നല്‍കുന്ന സൂചന. നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനാണ് ശ്രമിക്കുന്നത്. നിക്ഷേപമെന്ന നിലയിലായതിനാല്‍ ഇനിയും വില കൂടുമെന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിഭാസം തുടരുമെന്ന് തന്നെയാണ് വ്യാപാരികള്‍ പറയുന്നത്.

Gold price in Kerala surges ₹2,200 in a day, hitting ₹74,320 per pavan, amid global market uncertainty.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT