canva
News & Views

സ്വര്‍ണത്തിന് നേരിയ വര്‍ധന; ഓണക്കാല കച്ചവടത്തിന് ഭീഷണിയാകുമോ? ഇന്നത്തെ വിലനിലവാരം അറിയാം

സ്വര്‍ണവില വര്‍ധിച്ചെങ്കിലും വില്പനയില്‍ വലിയ ഇടിവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിവയ്ക്കുന്നതിന് കുറവുണ്ടായിട്ടില്ല

Dhanam News Desk

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. തുടര്‍ച്ചയായി മൂന്നാംദിനമാണ് വില ഉയരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,405 രൂപയാണ്, 15 രൂപയുടെ വര്‍ധന. ഒരു പവന്‍ സ്വര്‍ണം കിട്ടണമെങ്കില്‍ 75,240 രൂപ നല്കണം. ഇന്നലത്തേക്കാള്‍ പവനില്‍ കൂടിയത് 120 രൂപ.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 10 രൂപയുടെ വര്‍ധന. ഇന്നത്തെ വില 7,720 രൂപ. വെള്ളിവില 126 രൂപയില്‍ തന്നെ തുടരുന്നു.

ഈ മാസം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു ഈ നിരക്ക്. 28 ദിവസത്തിനിടെ പവന് കൂടിയത് 2,040 രൂപയാണ്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം തന്നെയാണ് സ്വര്‍ണവിലയിലെ കയറ്റത്തിന് പ്രധാന കാരണം.

സ്വര്‍ണവില വര്‍ധിച്ചെങ്കിലും വില്പനയില്‍ വലിയ ഇടിവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിവയ്ക്കുന്നതിന് കുറവുണ്ടായിട്ടില്ല. വിവാഹ സീസണ്‍ കൂടി തുടങ്ങിയതോടെ ജുവലറികളില്‍ തിരക്ക് വര്‍ധിച്ചിട്ടുമുണ്ട്.

ഡിസംബറോടെ സ്വര്‍ണവില പവന് 80,000 രൂപ കടക്കുമെന്നാണ് വിലയിരുത്തല്‍. വില കാര്യമായി കുറയാനുള്ള സാധ്യത കുറവാണെന്ന് വ്യാപാരികളും പറയുന്നു.

കയറ്റുമതിക്ക് തിരിച്ചടി

രാജ്യത്തുനിന്ന് യു.എസിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി നടത്തുന്നതിന് ഉയര്‍ന്ന തീരുവ തടസമായിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ബെംഗളൂരു, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സ്വര്‍ണം കയറ്റുമതി ചെയ്യുന്നത്. കേരളത്തില്‍നിന്ന് 90 ശതമാനവും യുഎഇയിലേക്ക് ആണ് കയറ്റുമതി ചെയ്യുന്നത്.

യു.എസിലേക്കുള്ള കയറ്റുമതി താരിഫ് വര്‍ധിപ്പിച്ചത് സ്വര്‍ണ, വജ്ര വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,240 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക. അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 81,550 രൂപയ്ക്ക് അടുത്താകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT