CANVA
News & Views

യുക്രെയ്‌നില്‍ തട്ടാതെ സ്വര്‍ണം, ഇന്നലത്തെ ഡബിള്‍ സ്‌ട്രൈക്ക് ഏശിയില്ല! ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നലെ സ്വര്‍ണവിലയില്‍ ഉച്ചകഴിഞ്ഞ് ഉണ്ടായ വര്‍ധന ഉപയോക്താക്കളെ വല്ലാതെ ഉലച്ചു. കേരളത്തില്‍ ഒട്ടുമിക്ക ആളുകളും സ്വര്‍ണം വാങ്ങാന്‍ പോകുന്നത് രാവിലത്തെ വില അറിഞ്ഞ ശേഷമാണ്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് പോയേക്കുമെന്ന ഭീതിയില്‍ ഇന്നലെ രണ്ടുതവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്നും വലിയൊരു വര്‍ധന പ്രതീക്ഷിച്ചിടത്ത് ഗ്രാമിന് 20 രൂപ മാത്രമാണ് ഉയര്‍ന്നത്.

ഗ്രാം വില 9,080 രൂപയും പവന് 72,640 രൂപയുമാണ് നിലവില്‍. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,445 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഉയര്‍ന്നതായിരുന്നു ഇന്നലെ രണ്ടുതവണ വില പുതുക്കി നിശ്ചയിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിച്ചത്.

ജാഗ്രതയോടെ ഉപയോക്താക്കള്‍

ഇന്നലെ സ്വര്‍ണവിലയില്‍ ഉച്ചകഴിഞ്ഞ് ഉണ്ടായ വര്‍ധന ഉപയോക്താക്കളെ വല്ലാതെ ഉലച്ചു. കേരളത്തില്‍ ഒട്ടുമിക്ക ആളുകളും സ്വര്‍ണം വാങ്ങാന്‍ പോകുന്നത് രാവിലത്തെ വില അറിഞ്ഞ ശേഷമാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം വില വര്‍ധിപ്പിച്ചത് മിക്കവരും അറിഞ്ഞിരുന്നില്ല. രാവിലത്തെ വില പ്രതീക്ഷിച്ചെത്തിയവര്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നു.

സംഘര്‍ഷം കനത്താല്‍ വില കൂടും

റഷ്യന്‍ വ്യോമ സംവിധാനങ്ങള്‍ക്കുമേല്‍ ഉക്രെയ്ന്‍ വലിയ തോതില്‍ ആക്രമണം അഴിച്ചുവിട്ടത് സംഘര്‍ഷം പുതിയ തലത്തിലേക്ക് വ്യാപിക്കുമെന്ന സൂചനകള്‍ നല്കിയിട്ടുണ്ട്. റഷ്യ വലിയ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ താണ്ടിയേക്കും.

പശ്ചിമേഷ്യയില്‍ ഇസ്രയേലും എതിരാളികളും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സ്വര്‍ണവില റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നത്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എക്കാലത്തും സ്വര്‍ണവിലയെ ഉയര്‍ത്തുകയാണ് പതിവ്. റഷ്യയ്ക്കും ഉക്രെയ്‌നുമിടയില്‍ സമാധാനം വന്നില്ലെങ്കില്‍ സ്വര്‍ണവില ഇനിയും കുതിപ്പ് നടത്താം.

നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,640 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 82,450 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT