gold making charge canva
News & Views

പശ്ചിമേഷ്യയില്‍ സമാധാനം, സ്വര്‍ണം ഇന്നും കുറഞ്ഞു, വില കുത്തനെ ഇടിയുമോ? ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്നത്തെ വിലയിങ്ങനെ

ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം കയറ്റത്തിലാണ്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,070 രൂപയിലെത്തി. പവന്‍ വില 200 രൂപ കുറഞ്ഞ് 72,560 രൂപയെന്ന നിലയിലാണ്. ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 71,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇസ്രയേല്‍-ഇറാന്‍ യുദ്ധം കനത്തതോടെ ജൂണ്‍ 14,15 ദിവസങ്ങളില്‍ പവന് 74,560 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും വെടിനിറുത്തല്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണവില താഴേക്കെത്തി.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,440 രൂപയിലെത്തി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 116 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം.

യുദ്ധവിരാമം

ഇസ്രയേലും ഇറാനും തമ്മിലുള്ള ആകാശയുദ്ധത്തിന് വിരാമമായതോടെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന പദവി കൈവിട്ട സ്വര്‍ണം കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രണ്ടുതവണയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം കയറ്റത്തിലാണ്. നിലവില്‍ 8 ഡോളറോളം വര്‍ധിച്ച സ്വര്‍ണം ഔണ്‍സിന് 3,327 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ സൂചിക ഇടിഞ്ഞതാണ് കാരണങ്ങളിലൊന്ന്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകും. ഇതോടെ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറാകും.

കൂടാതെ 10 വര്‍ഷത്തെ യു.എസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഒരു മാസത്തെ താഴ്ന്ന നിലയിലെത്തിയതും വിലയെ സ്വാധീനിച്ചു. ട്രംപിന്റെ താരിഫ് തീരുമാനം അധികം വൈകാതെ രാജ്യത്ത് പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞിരുന്നു. വരുന്ന സെപ്റ്റംബറോടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,560 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ ഇതിലുമേറെ നല്‍കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം 78,527 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT