Canva
News & Views

ഇന്നും വില കുറഞ്ഞു, 70,000 രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ മടിച്ച് സ്വര്‍ണം! തുടര്‍ച്ചയായ കുറവിന് പിന്നിലെന്ത്?

പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ 4,280 രൂപയാണ് കുറഞ്ഞത്

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 8,755 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയിലെത്തി. കഴിഞ്ഞ മാസം 22ന് ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 74,320 രൂപയെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചിറക്കം. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ 4,280 രൂപയുടെ കുറവുണ്ടായതോടെ വാങ്ങലുകാരും ആശ്വാസത്തിലാണ്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,185 രൂപയാണ് വില. വെള്ളി വില ഗ്രാമിന് 109 രൂപക്കാണ് വ്യാപാരം.

എന്തുകൊണ്ട് വില കുറയുന്നു

യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ മുറുകിയതോടെ കൂടുതല്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചതോടെയാണ് പിടിവിട്ട് കുതിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,500 ഡോളറിന് മുകളിലെത്തിയ സ്വര്‍ണം പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി മുന്നിലെത്തി. എന്നാല്‍ ആഗോള വ്യാപാര തര്‍ക്കത്തിന് അയവുണ്ടാകുമെന്ന സൂചനകള്‍ എത്തിയതോടെ സ്വര്‍ണ വിലയും താഴോട്ടിറങ്ങി. അമേരിക്കന്‍ ഡോളറുമായി മറ്റ് കറന്‍സികളുടെ വിനിമയ നിരക്കില്‍ മാറ്റം വന്നതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.

അതേസമയം, ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഡോളര്‍ വിനിമയ നിരക്ക് കുറഞ്ഞതും യു.എസിലെ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളുമാണ് വില ഉയര്‍ത്തിയത്. നിലവില്‍ ഔണ്‍സിന് 3,256.98 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ യു.എസ് ജി.ഡി.പി കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 0.3 ശതമാനം ഇടിഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. ഡോളര്‍ ഇന്‍ഡെക്‌സും 0.30 ശതമാനം ഇടിഞ്ഞു. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുകയും വില ഉയരുകയുമായിരുന്നു.

ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?

ഇന്ന് ഒരുപവന്‍ സ്വര്‍ണ വില 70,040 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 75,801 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.

Gold prices in Kerala on May 2, 2025

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT