Canva/AdobeStocks
News & Views

കട്ടായം, ഇങ്ങനെയൊരു വില കേട്ടവരില്ല! സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വില, ട്രംപീസ് കളിയില്‍ ഇനിയും കൂടാം

താരിഫ് വിഷയത്തില്‍ അയവുണ്ടായില്ലെങ്കില്‍ സ്വര്‍ണ വില ഇനിയും വര്‍ധിക്കുമെന്ന് വിദഗ്ധര്‍

Dhanam News Desk

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്. സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8,920 രൂപയിലെത്തി. പവന്‍ വില 840 രൂപ കൂടി 71,360 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണത്തിന് ഇത്രയും വില രേഖപ്പെടുത്തുന്നത്. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,350 രൂപയാണ്. വെള്ളിവില ഗ്രാമിന് 108 രൂപയായി തുടരുന്നു.

എല്ലാം ട്രംപ് മയം

ലോകസാമ്പത്തിക ശക്തികളായ യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തതോടെ സുരക്ഷിത നിക്ഷേപ മാര്‍ഗമമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില വര്‍ധനവിനുള്ള പ്രധാന കാരണം. തീരുവ വിഷയത്തില്‍ ട്രംപിന്റെ അപ്രതീക്ഷിതമായ തീരുമാനങ്ങള്‍ ഡോളര്‍ വിനിമയ നിരക്കില്‍ കുറവുണ്ടാക്കിയതോടെ സ്വര്‍ണ വില പിടിവിട്ടു കുതിച്ചു. കൂടുതല്‍ മേഖലകളില്‍ തീരുവ ചുമത്താനാകുമോ എന്ന് പരിശോധിക്കാന്‍ ട്രംപ് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ചൈനക്ക് മേലുള്ള തീരുവ 245 ശതമാനമായി ഉയര്‍ത്താനും ട്രംപ് ഉത്തരവിട്ടിട്ടു. താരിഫ് യുദ്ധം മുറുകിയതോടെ യു.എസിലെ തൊഴിലില്ലായ്മ നിരക്കും പണപ്പെരുപ്പവും വര്‍ധിച്ചിട്ടുണ്ട്. ഇതും വിപണിയുടെ ആശങ്കക്ക് കാരണമാണ്. യു.എസ് ഫെഡ് നിരക്കുകളില്‍ എന്ത് മാറ്റമുണ്ടാകുമെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

വില എങ്ങോട്ട്

താരിഫ് വിഷയത്തിലെ പ്രതിസന്ധിയില്‍ അയവുണ്ടാകുന്നത് വരെ സ്വര്‍ണ വില വര്‍ധിക്കാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കൊല്ലം പ്രവചനങ്ങളെല്ലാം മറികടന്ന് സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇക്കൊല്ലം 26 ശതമാനത്തിലധികമാണ് സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്.

സ്വര്‍ണം വാങ്ങാന്‍

ഒരുപവന്‍ സ്വര്‍ണ വില 71,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,229 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും സ്വര്‍ണവിലയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT