തുടര്ച്ചയായ വീഴ്ച്ചകള്ക്കൊടുവില് സ്വര്ണവിലയില് ഇന്ന് വിലസ്ഥിരത. ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപയുമായി തുടരുകയാണ്. ഒക്ടോബറിലെ താഴ്ന്ന നിലയിലാണ് സ്വര്ണവില ഇപ്പോള്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള് നിര്മിക്കാന് ഉപയോഗിക്കുന്ന ചെറുകാരറ്റുകളുടെയും വിലയില് മാറ്റമില്ല.
18 കാരറ്റിന്റെ വില ഗ്രാമിന് 11,060 രൂപയും പവന് 88,480 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റിന്റെ വില 8,650 രൂപയും പവന് 69,200 രൂപയുമാണ്. വെള്ളിവില 230 രൂപയില് തുടരുന്നു.
കേരളത്തിലെ ജുവലറികളില് 18 കാരറ്റ് സ്വര്ണത്തിന് ഈടാക്കിയിരുന്ന വ്യത്യസ്ത വിലകള് ഏകീകരിക്കാന് വിവിധ സ്വര്ണ വ്യാപാര സംഘടനകള് തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഇന്നലെ മുതല് പ്രാബല്യത്തില് വന്നു. 22 കാരറ്റ് സ്വര്ണത്തിന് വില നിശ്ചയിക്കുന്ന ആനുപാതിക മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും 18 കാരറ്റ് സ്വര്ണത്തിന്റെയും വില നിശ്ചയിക്കുക. ഇതോടെ സംസ്ഥാനത്തെ ജുവലറികളില് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകള് ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനും വിലനിര്ണയത്തില് ഏകീകൃതത ഉറപ്പാക്കാനും സാധിക്കും.
അടുത്ത രണ്ടു വര്ഷത്തിനുള്ളില് സ്വര്ണവില വീണ്ടും പുതിയ റെക്കോര്ഡുകള് കുറിക്കുമെന്ന് നിക്ഷേപകരുടെ വിലയിരുത്തല്. കേന്ദ്ര ബാങ്കുകള് സ്വര്ണം വന്തോതില് വാങ്ങി കൂട്ടുന്നതും, സര്ക്കാര് കടബാധ്യതകളിലെ വര്ധന, ജിയോപൊളിറ്റിക്കല് സംഘര്ഷങ്ങള്, യുഎസ് ഡോളറിന്റെ ആധിപത്യം എന്നിവയിലുള്ള ആശങ്കകളുമാണ് മഞ്ഞലോഹത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നത്.
യു.എസ് ഫെഡറല് റിസര്വ് വീണ്ടും പലിശനിരക്ക് ഉയര്ത്തിയേക്കുമെന്ന സൂചനകളെ തുടര്ന്ന് കഴിഞ്ഞ ദിവസം സ്വര്ണവിലയില് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഔണ്സിന് 4,075 ഡോളറിലേക്കാണ് വില താഴ്ന്നത്. എന്നിരുന്നാലും, ആഗോള സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങള്ക്കിടയില് സുരക്ഷിത നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന് ആവശ്യക്കാര് ഏറുമെന്നും വില ഉടന് തിരിച്ചുപിടിക്കുമെന്നുമാണ് വിലയിരുത്തല്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്മാര്ക്ക് ചാര്ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്ത്ത് ഒരുപവന് സ്വര്ണാഭരണത്തിന് 1,16,678 രൂപയ്ക്ക് മുകളിലാകും. എന്നാല് ആഭരണങ്ങളുടെ ഡിസൈന് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്, ഇത് സ്വര്ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine