സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,005 രൂപ എന്ന നിലയിലാണ്. പവന് 80 രൂപ കുറഞ്ഞ് 72,040 രൂപയാണ്. രണ്ട് ദിവസത്തിനിടെ പവന്‍ വിലയില്‍ 2,280 രൂപയാണ് കുറഞ്ഞത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,410 രൂപയാണ്. വെള്ളിവില ഗ്രാമിന് 109 രൂപ.
യു.എസ് - ചൈന വ്യാപാര തര്‍ക്കം മുറുകിയതോടെ കഴിഞ്ഞ ദിവസം 10 ഗ്രാം സ്വര്‍ണത്തിന്റെ വില ഒരുലക്ഷം രൂപ കടന്നിരുന്നു. ഫെഡറല്‍ റിസര്‍വ് തലവന്‍ ജോറോം പവലിനെ മാറ്റുമെന്ന തരത്തില്‍ ട്രംപ് പ്രസ്താവന നടത്തിയതോടെ സ്വര്‍ണ വില പിടിവിട്ടു കുതിച്ചു. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ സ്വര്‍ണ വില വര്‍ധിക്കുന്നത് പതിവാണ്. എന്നാല്‍ കഴിഞ്ഞ ദിവസമായി വരുന്ന വാര്‍ത്തകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചു. ചൈനയും യു.എസും തമ്മില്‍ ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഏര്‍പ്പെടുത്തിയ 145 ശതമാനം തീരുവ 50-65 ശതമാനം വരെ കുറക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഫെഡ് തലവനെ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് കൂടി ട്രംപ് വ്യക്തമാക്കിയതോടെ വിപണിയില്‍ ലാഭമെടുപ്പ് വര്‍ധിച്ചതോടെ സ്വര്‍ണ വില ഇടിഞ്ഞതായാണ് വിലയിരുത്തല്‍. യു.എസ് ഓഹരി വിപണി തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടത്തിലേക്ക് കുതിച്ചതും ഡോളര്‍ ഇന്‍ഡെക്‌സ് മെച്ചപ്പെട്ടതും സ്വര്‍ണ വിലയെ സ്വാധീനിച്ചെന്നാണ് കരുതുന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇന്ന് രാവിലെ വീണ്ടും വര്‍ധിച്ചു. ഔണ്‍സിന് 3,507 ഡോളറില്‍ എത്തിയ സ്വര്‍ണം ഇന്നലെ 3,279 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഇന്നലെ ഔണ്‍സിന് 3,289.470 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്ന് രാവിലെ ഔണ്‍സിന് 3,374.10 ഡോളര്‍ വരെയെത്തി. വിപണിയില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തിയതാണ് കാരണം.
ഒരുപവന്‍ സ്വര്‍ണ വില 72,040 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,964 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine