Canva
News & Views

ഇനി 'പൊളി'യില്ല! സര്‍ക്കാര്‍ വണ്ടികള്‍ കാലാവധി എത്തുന്നതിന് മുമ്പേ വില്‍ക്കും, സര്‍ക്കാരിന് അധിക വരുമാനം

പല വകുപ്പുകളുടെയും കീഴിലുള്ള വാഹനങ്ങള്‍ കുറഞ്ഞ ദൂരം മാത്രം ഓടിയതും മികച്ച കണ്ടീഷനില്‍ ഉള്ളതുമാണ്

Dhanam News Desk

സര്‍ക്കാര്‍ വാഹനങ്ങള്‍ 15 വര്‍ഷ കാലാവധി എത്താന്‍ കാത്തിരിക്കാതെ നേരത്തെ വില്‍ക്കും. മോട്ടോര്‍ വാഹന ചട്ടം അനുസരിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷം മാത്രമാണ് കാലാവധി. ഇത് കഴിഞ്ഞ് രജിസ്‌ട്രേഷന്‍ റദ്ദാകുന്ന വാഹനങ്ങള്‍ പൊളിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ 15 വര്‍ഷമെത്തുന്നതിന് മുമ്പ് ലേലം ചെയ്ത് വിറ്റാല്‍ ആളുകള്‍ക്ക് വാങ്ങി ഉപയോഗിക്കാന്‍ കഴിയും.

സര്‍ക്കാരിന് അധിക വരുമാനം

സംസ്ഥാനത്ത് അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളില്‍ പലതും ഓഫീസുകളുടെ വളപ്പില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇത്തരം വാഹനങ്ങള്‍ കൃത്യമായി പൊളിക്കാത്തത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ റദ്ദാകുന്നതിന് മുമ്പ് തന്നെ ലേലത്തിലൂടെ വില്‍ക്കാനുള്ള തീരുമാനത്തിലെത്തിയത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ അഞ്ച് വര്‍ഷം കൂടി സ്വകാര്യ വ്യക്തികള്‍ക്ക് ഉപയോഗിക്കാം. വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത അനുസരിച്ച് വീണ്ടും രജിസ്‌ട്രേഷന്‍ പുതുക്കാനും അവസരമുണ്ട്. സര്‍ക്കാരിന് ഇതുവഴി അധിക വരുമാനവുമാകും. കൈവശമുള്ള വാഹനങ്ങള്‍ 14 വര്‍ഷമെത്തുന്നതിന് മുമ്പ് ലേലം ചെയ്യാനുള്ള നടപടികള്‍ ഓഫീസ് മേധാവി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഉപയോക്താക്കള്‍ക്കും നേട്ടം

മിക്ക സര്‍ക്കാര്‍ ഓഫീസുകളിലെയും വാഹനങ്ങള്‍ കൃത്യമായ പരിപാലനം നടത്തുന്നതും അധികം ഓടാത്തതുമാണ്. 15 വര്‍ഷം കഴിഞ്ഞാലും മിക്ക വാഹനങ്ങളും മികച്ച കണ്ടിഷനിലുമായിരിക്കും. ഇത് കണക്കിലെടുത്ത് വാഹനം പൊളിക്കല്‍ ചട്ടങ്ങളില്‍ ഇളവ് വേണമെന്ന് കഴിഞ്ഞ മാസം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ വാഹനം ദീര്‍ഘകാലം ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാന്‍ നിയമം അനുവദിക്കാറുണ്ടെങ്കിലും പല വകുപ്പ് മേധാവികളും ഇതിന് മുതിരാറില്ല.

കേരളത്തില്‍ പൊളിക്കാന്‍ 30 ലക്ഷം വണ്ടികള്‍

സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ 30 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങള്‍ പൊളിക്കാനുണ്ടെന്നാണ് കണക്ക്. 15 വര്‍ഷം കഴിഞ്ഞ 3,591 സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം, സ്വകാര്യവാഹനങ്ങള്‍ പൊളിക്കണമെങ്കില്‍ നിലവില്‍ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയാളി. മൂന്ന് വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ടെണ്ടര്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കേരളത്തെ മൂന്ന് സോണുകളായി തിരിച്ചാണ് വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT