ആരോഗ്യമേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. മെഡിക്കൽ ക്യാമ്പുകൾ പ്രോത്സാഹിപ്പിച്ച് രോഗനിർണയം വേഗത്തിലാക്കും. ചില സ്വകാര്യ ആശുപത്രികളുടെ അമിത ചാർജുകൾ നിയന്ത്രിക്കുമെന്നും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണക്കാർക്ക് വേഗത്തിലും ഫലപ്രദവുമായ രോഗനിർണയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖയുടെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊച്ചി ഐ.എം.എ ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലിനിക്കൽ എക്സ്പേർട്ടൈസ്, ടെക്നോളജി, റിസർച്ച് എന്നീ മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിപുലമായ കൂട്ടായ്മയാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, ചില സ്വകാര്യ ആശുപത്രികൾ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കാതെ മുറി വാടകയും മരുന്നുകളുടെ വിലയും അമിതമായി വർധിപ്പിക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയിട്ടുണ്ടെന്നും ആരോഗ്യ മേഖലയുടെ സമഗ്ര സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡോ. വിനോദ് പത്മനാഭൻ (പ്രസിഡന്റ്), ഡോ. ജോർജ് തുകലൻ (സെക്രട്ടറി), ഡോ. സിജു ജോസഫ് (ട്രഷറർ), ഡോ. അതുൽ ജോസഫ് മാനുവൽ (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്), ഡോ. ആർ. രമേഷ് കുമാർ (പ്രസിഡന്റ് ഇലക്ട്) എന്നിവരുൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ചടങ്ങിൽ ഔദ്യോഗികമായി ചുമതലയേറ്റു.
വിദ്യാർത്ഥികൾക്കായുള്ള ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി, സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടപ്പിലാക്കുന്ന ഐ.എം.എ കൊച്ചി ഘടകത്തിന്റെ പ്രവർത്തനങ്ങളെയും കോവിഡ് കാലത്ത് ജില്ലാ ഭരണകൂടത്തിന് നൽകിയ പിന്തുണയെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ ഡോ. എം. വേണുഗോപാൽ, ഡോ. വി.പി. കുര്യേയ്പ്പ്, ഡോ. കെ. നാരായണൻ കുട്ടി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine