Image : Canva 
News & Views

പൊറോട്ടയും ബ്രെഡ്ഡും ഒരേ 'ഫാലിമി'! നികുതി വെട്ടിക്കുറച്ച് ഹൈക്കോടതി

പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18% നികുതി ഈടാക്കാനുള്ള നീക്കം കേരള ഹൈക്കോടതി തടഞ്ഞു

Dhanam News Desk

പായ്ക്കറ്റുകളില്‍ ലഭ്യമായ പാതിവേവിച്ച പൊറോട്ടയ്ക്ക് 5 ശതമാനം ചരക്ക്-സേവന നികുതി (GST) മതിയെന്ന് കേരള ഹൈക്കോടതി വിധിച്ചു. സെന്‍ട്രല്‍ സ്‌റ്റേറ്റ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ആക്ട് പ്രകാരം 18 ശതമാനം ജി.എസ്.ടി ഈടാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ജി.എസ്.ടി തര്‍ക്കങ്ങള്‍ പരിഗണിക്കുന്ന അപ്പലേറ്റ് അതോറിറ്റിയും സര്‍ക്കാരിന്റെ നിലപാട് ശരിവച്ചിരുന്നു. ഇതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പൊറോട്ടയും ബ്രെഡ്ഡും ഒരേ കുടുംബം

മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസിന്റെ ക്ലാസിക് മലബാര്‍ പൊറോട്ട, ഹോള്‍വീറ്റ് മലബാര്‍ പൊറോട്ട എന്നിവയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെയായിരുന്നു ഹര്‍ജി. ബ്രെഡ്ഡിന്റെ ശ്രേണിയിലുള്ള ഉത്പന്നമാണ് പൊറോട്ടയെന്നും ധാന്യപ്പൊടി കൊണ്ട് തന്നെയാണ് പൊറോട്ടയും നിര്‍മ്മിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

പൊറോട്ടയും ബ്രെഡ്ഡും രണ്ടാണെന്നും പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി ബാധകമാണെന്നും സര്‍ക്കാരും വാദിച്ചു. എന്നാല്‍, സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതില്‍ 2.5 ശതമാനം കേന്ദ്ര ജി.എസ്.ടിയും 2.5 ശതമാനം സംസ്ഥാന ജി.എസ്.ടിയുമായിരിക്കും.

നിരവധി കമ്പനികള്‍ക്ക് നേട്ടം

ഹാഫ് കുക്ക്ഡ് പായ്ക്കറ്റ് പൊറോട്ടയുതേടിന് സമാനമായ നിരവധി ജി.എസ്.ടി കേസുകള്‍ വിവിധ കോടതികളിലുണ്ടെന്നിരിക്കേ, കേരള ഹൈക്കോടതിയുടെ വിധി ഏറെ പ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ നികുതിനിരക്ക് മതിയെന്ന ഹൈക്കോടതി ഉത്തരവ് നിരവധി സംരംഭങ്ങള്‍ക്ക് ആശ്വാസവുമാകും. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍നടപടികളും നിര്‍ണായകമാണ്. സിംഗില്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT