കേരളത്തിന്റെ ആരോഗ്യരംഗം സുപ്രധാനമായ ഒരു വഴിത്തിരിവിലാണ്. വന്‍കിട നിക്ഷേപകരും ആഗോള കോര്‍പ്പറേറ്റ് ആശുപത്രി ശൃംഖലകളും കോടികളുമായി രംഗത്തിറങ്ങുമ്പോള്‍, അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാരിലേക്കും എത്തുന്നു. എന്നാല്‍, ഒരുകാലത്ത് ഗ്രാമങ്ങളുടെയും ചെറിയ നഗരങ്ങളുടെയും ആശ്രയകേന്ദ്രങ്ങളായിരുന്ന ചെറുകിട ആശുപത്രികളും നേഴ്‌സിംഗ് ഹോമുകളും കടുത്ത പ്രതിസന്ധിയിലേക്ക് പോകുകയാണ്. ആധുനികവല്‍ക്കരണത്തിന്റെ തിളക്കത്തിനൊപ്പം സാധാരണക്കാരുടെ ചികിത്സാച്ചെലവ് കൂടുമോ എന്ന ആശങ്കയും ഈ കോര്‍പ്പറേറ്റ് വിപ്ലവം ബാക്കിവെക്കുന്നു.
ആരോഗ്യരംഗം ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളിലൊന്നായതിനാല്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുടെ ശ്രദ്ധ ആശുപത്രി ശൃംഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പുകളില്‍ ബ്ലാക്ക്‌സ്റ്റോണ്‍, കെ.കെ.ആര്‍ ഉള്‍പ്പെടെയുള്ള ആഗോള നിക്ഷേപകര്‍ പങ്കാളികളാകുകയും വികസന പദ്ധതികള്‍ക്കായി വലിയ തുക നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റോബോട്ടിക് സര്‍ജറി, എ.ഐ അധിഷ്ഠിത രോഗനിര്‍ണയം, ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമുകള്‍, ഹൈ-എന്‍ഡ് ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങള്‍ എന്നിവയുടെ വ്യാപനം വേഗത്തിലാകുന്നു.
വലിയ നിക്ഷേപങ്ങള്‍ വരുമ്പോഴും സംസ്ഥാനത്തെ ചെറിയ ക്ലിനിക്കുകളും നേഴ്സിംഗ് ഹോമുകളും കടുത്ത സാമ്പത്തിക സമ്മര്‍ദമാണ് നേരിടുന്നത്. ഡിജിറ്റല്‍ എക്സ്-റേ, ഹൈ-എന്‍ഡ് അള്‍ട്രാസൗണ്ട്, സി.ടി, എം.ആര്‍.ഐ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാന്‍ വലിയ മൂലധന നിക്ഷേപം ആവശ്യമാണ്. വന്‍കിട ആശുപത്രികള്‍ക്ക് ഇത് സാധ്യമാകുമ്പോള്‍ ചെറിയ സ്ഥാപനങ്ങള്‍ക്ക് അത്ര എളുപ്പമല്ല.
ഫയര്‍ സേഫ്റ്റി, ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം, ഓക്‌സിജന്‍ സൗകര്യങ്ങള്‍, ഗുണനിലവാര മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍ എന്നിവ പാലിക്കുന്നതിന് ചെലവ് വര്‍ധിച്ചുവരുന്നതും ചെറുകിട ആശുപത്രികളെ ബാധിക്കുന്ന ഘടകമാണ്.
കോര്‍പ്പറേറ്റ് ആശുപത്രികള്‍ കൂടുതല്‍ ശമ്പളവും ഗവേഷണ-കരിയര്‍ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നതിനാല്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരെ നിലനിര്‍ത്താന്‍ ചെറിയ ആശുപത്രികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും ഐഎംഎ അടക്കമുള്ള സംഘടനകള്‍ പറയുന്നു.
അത്യാധുനിക സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളുംവന്‍കിട നിക്ഷേപകര്‍ കോടികണക്കിന് രൂപ ഇറക്കുന്നതോടെ ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങളും സൗകര്യങ്ങളും കേരളത്തിലെത്തുന്നു. ഇതുവഴി റോബോട്ടിക് സര്‍ജറി, എഐ അടിസ്ഥാനമാക്കിയുള്ള റേഡിയോളജി ഡിറ്റക്ഷന്‍, അത്യാധുനിക കാന്‍സര്‍ പരിചരണ സംവിധാനങ്ങള്‍ എന്നിവയില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കുന്നതിനാല്‍ കൃത്യതയുള്ള ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നു
മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച: കേരളത്തില്‍ സാങ്കേതികമായി മികച്ച ചികിത്സ ചുരുങ്ങിയ ചിലവില്‍ ലഭ്യമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ ചികിത്സക്കായി കേരളത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്തിന് വലിയ തോതിലുള്ള വിദേശനാണ്യം ലഭിക്കുന്നു.
വിദഗ്ധരായ ഡോക്ടര്‍മാരുടെയും പ്രൊഫഷണലുകളുടെയും തിരിച്ചുവരവ്: മെച്ചപ്പെട്ട ശമ്പളം, ആഗോളതലത്തിലുള്ള ഗവേഷണ സൗകര്യങ്ങള്‍, അത്യാധുനിക സര്‍ജിക്കല്‍ സാങ്കേതികവിദ്യകള്‍ എന്നിവ ലഭ്യമാകുന്നതോടെ വിദേശത്തും മറ്റ് മെട്രോ നഗരങ്ങളിലും ജോലി ചെയ്യുന്ന മലയാളി വിദഗ്ദ്ധ ഡോക്ടര്‍മാരും നേഴ്‌സുമാരും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ ഇത് കാരണമായേക്കുമെന്നാണ് പ്രതീക്ഷ.
പുതിയ തൊഴിലവസരങ്ങള്‍: വലിയ ആശുപത്രി ശൃംഖലകള്‍ വ്യാപിപ്പിക്കുമ്പോള്‍ മെഡിക്കല്‍ മേഖലയില്‍ മാത്രമല്ല, അനുബന്ധ മേഖലകളിലും തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ഫാര്‍മ എന്നീ മേഖലകളിലും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകര്‍ ലാഭത്തിലൂന്നി പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദം മാനേജ്മെന്റുകള്‍ക്ക് ഉണ്ടാകാമെന്നാണ് ആരോഗ്യ-സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, സാധാരണ രോഗങ്ങള്‍ക്കുപോലും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം വര്‍ധിക്കും. ഇത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
കേരളത്തിന്റെ ആരോഗ്യരംഗം പുതിയൊരു ഘട്ടത്തിലേക്കാണ് കടക്കുന്നത്. വന്‍കിട നിക്ഷേപങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും സംസ്ഥാനത്തിന് വലിയ അവസരങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും മറ്റൊരു വശം കൂടിയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
Read DhanamOnline in English
Subscribe to Dhanam Magazine