image credit : canva 
News & Views

മടിയിൽ കനമുണ്ട്! ചെലവ് ചെയ്യാൻ മലയാളി മുന്നിൽ; മാസ ചെലവ് ദേശീയ ശരാശരിയേക്കാൾ കൂടുതൽ

വ്യക്തിയുടെ ജീവിത നിലവാരം കണക്കാക്കാന്‍ ഉപയോഗിക്കാറുള്ള സൂചകമാണ് പ്രതിമാസ ആളോഹരി ചെലവ്

Dhanam News Desk

കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് (എം.പി.സി.ഇ) വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ 6,611 രൂപയും നഗരങ്ങളില്‍ 7,783 രൂപയുമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി മലയാളി ചെലവാക്കിയത്. 2022-23ല്‍ ഇത് യഥാക്രമം 5,924 രൂപയും 7,783 രൂപയുമാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) ഗാര്‍ഹിക ഉപയോഗ സര്‍വേ റിപ്പോര്‍ട്ട് 2023-24 പറയുന്നു.

എം.പി.സി.ഇ

ഒരു വ്യക്തി തന്റെ ആവശ്യങ്ങള്‍ക്കായി ഒരു മാസക്കാലയളവില്‍ വാങ്ങിയ സാധനങ്ങളുടെയും സേവനങ്ങളുടെയും തുകയാണ് പ്രതിമാസ ആളോഹരി ചെലവ് എന്ന് പറയുന്നത്. വ്യക്തിയുടെ ജീവിത നിലവാരം കണക്കാക്കാന്‍ പലപ്പോഴും ഉപയോഗിക്കാറുള്ള സൂചകമാണിത്. ഉയര്‍ന്ന പ്രതിമാസ ആളോഹരി ചെലവ് ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന വാങ്ങല്‍ ശേഷിയെയും സൂചിപ്പിക്കുന്നു. ദാരിദ്ര രേഖക്ക് താഴെയുള്ളവരെ കണ്ടെത്തല്‍, ജി.ഡി.പിയിലെ തിരുത്തലുകള്‍, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് എന്നിവ കണക്കാനും ഇവ ഉപയോഗിക്കുന്നു.

ദേശീയ ശരാശരി

ദേശീയതലത്തിലെ പ്രതിമാസ ആളോഹരി ചെലവ് കേരളത്തേക്കാള്‍ വളരെ പിന്നിലാണ്.

കേരളത്തിന്റെ പ്രതിമാസ ആളോഹരി ചെലവ് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍

ഗ്രാമങ്ങളില്‍ 4,247 രൂപയും നഗരങ്ങളില്‍ 7,078 രൂപയുമാണ് ദേശീയ ശരാശരി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗ്രാമീണ മേഖലയിലെ ചെലവ് 9 ശതമാനവും നഗരങ്ങളിലേത് 8 ശതമാനവും വര്‍ധിച്ചു. ആളോഹരി ചെലവഴിക്കലിലെ നഗര-ഗ്രാമ വ്യത്യാസം 2011-12ലെ 84 ശതമാനത്തില്‍ നിന്നും 70 ശതമാനത്തിലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ ചെലവഴിക്കലില്‍ കാര്യമായ വര്‍ധനയുണ്ടായെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

മുന്നില്‍ സിക്കിം, കുറവ് ഛത്തീസ്ഗഡില്‍

പ്രതിമാസ ചെലവില്‍ മുന്നില്‍ നില്‍ക്കുന്നത് സിക്കിം ആണ്. ഗ്രാമങ്ങളില്‍ 9,377 രൂപയും നഗരങ്ങളില്‍ 13,927 രൂപയുമാണ് സിക്കിമിന്റെ കണക്ക്. ഏറ്റവും കുറവ് ഛത്തീസ്ഗഡിലാണ്. ഗ്രാമങ്ങളിലെ ചെലവിടല്‍ വെറും 2,739 രൂപയാണെങ്കില്‍ നഗരങ്ങളില്‍ ഇത് 4,927 രൂപയാണെന്നും കണക്കുകള്‍ പറയുന്നു. 104 ശതമാനവുമായി ഗ്രാമീണ-നഗര വ്യത്യാസത്തില്‍ മേഘാലയയാണ് മുന്നിൽ. ഈ വ്യത്യാസം ഏറ്റവും കുറവ് ജാര്‍ഖണ്ഡിലും (83 ശതമാനം) ഛത്തീസ്ഡഗിലുമാണ് (80 ശതമാനം). അതേസമയം, ക്ഷേമ പദ്ധതികള്‍ വഴി സൗജന്യമായി ലഭിക്കുന്ന ഇനങ്ങളുടെ മൂല്യം പരിഗണിക്കാതെയാണ് ഈ കണക്കുകള്‍. ഗ്രാമങ്ങളിലെ 2.61 ലക്ഷം വീടുകളും നഗരങ്ങളിലെ ഒരു ലക്ഷത്തോളം വീടുകളിലുമാണ് എന്‍.എസ്.ഒ ഈ സര്‍വേ നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT