News & Views

ദുബായ് ജൈടെക്സ് ഗ്ലോബല്‍ ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ കേരള ഐ.ടി ശ്രദ്ധേയമാകുന്നു

110 ചതുരശ്ര മീറ്റര്‍ കേരള പവലിയന്‍ ആണ് ജൈടെക്സ്-2024 നായി ഒരുക്കിയിട്ടുള്ളത്

Dhanam News Desk

ദുബായില്‍ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജൈടെക്സ് ഗ്ലോബല്‍ 44-ാമത് പതിപ്പിനോടനുബന്ധിച്ച് നടന്ന ഇന്ത്യ സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ കേരളത്തിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ നൂതന പരിഹാരങ്ങളും ഉൽപന്നങ്ങളും ശ്രദ്ധേയമായി.

സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപകരും യു.എ.ഇയിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളും പങ്കെടുത്തു. കേരളത്തിലെ ഐ.ടി മേഖലയില്‍ നിന്നുള്ള എസ്.എം.ഇ കമ്പനികളും യോഗത്തില്‍ പങ്കെടുത്തു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യ സ്റ്റാര്‍ട്ടപ്പ് സംഗമത്തിൻ്റെ ഭാഗമായി പാനല്‍ ചര്‍ച്ചയും നടന്നു. ശിവരാജ രാമനാഥന്‍ (തമിഴ്നാട്), ഗാനിം അല്‍ ഫലാസി (ദുബായ് സിലിക്കണ്‍ ഒയാസിസ്), റികാന്ത് പിറ്റി (ഈസ് മൈസ് ട്രിപ്പ്), ശിവാംഗി ജെയിന്‍ (സ്റ്റാര്‍ട്ടപ്പ് ഇന്ത്യ), പ്രജീത് പ്രഭാകരന്‍ (ഐ.ടി ഫെല്ലോ- ഹൈ പവര്‍ ഐ.ടി കമ്മിറ്റി, കേരള സര്‍ക്കാര്‍) എന്നിവര്‍ പങ്കെടുത്തു.

'പവറിംഗ് ഇന്നൊവേഷന്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ഐ.ടി ഇക്കോസിസ്റ്റത്തിന്റെ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന 110 ചതുരശ്ര മീറ്റര്‍ കേരള പവലിയന്‍ ആണ് ജൈടെക്സ്-2024 നായി ഒരുക്കിയിട്ടുള്ളത്.

ഒക്ടോബര്‍ 14 മുതല്‍ 18 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ 2024 ലെ പ്രധാന പരിപാടിയായ ദുബായ് ഹാര്‍ബറിലെ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ എക്സ്പോയില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഹൈപവര്‍ ഐ.ടി കമ്മിറ്റിയെ പിന്തുണയ്ക്കുന്ന ഐ.ടി ഫെലോമാരായ വിഷ്ണു വി നായരും പ്രജീത് പ്രഭാകരനും ജൈടെക്സില്‍ കേരള ഐ.ടിയെ പ്രതിനിധീകരിക്കുന്നു.

ഡാറ്റ അനലിറ്റിക്സ്, സൈബര്‍ സുരക്ഷ, വെബ്സൈറ്റ് വികസനം, ഇ.ആര്‍.പി സൊല്യൂഷനുകള്‍, മൊബൈല്‍ ആപ്പ് ഡവലപ്മെന്‍റ്, ക്ലൗഡ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങളും മാതൃകകളും കേരളത്തിലെ കമ്പനികള്‍ ജൈടെക്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT