സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിലും വരുമാനത്തിലും കുറവുണ്ടായതായി എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്. 2023-24 സാമ്പത്തികവര്‍ഷം വില്പനയില്‍ 2.5 ലക്ഷം കെയ്‌സ് മദ്യത്തിന്റെ കുറവുണ്ടായി. മദ്യവിലയില്‍ വര്‍ധനയുണ്ടായിട്ടും 197 കോടി രൂപയുടെ കുറവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചത് സംഭവിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2022-23 സാമ്പത്തികവര്‍ഷം 224.3 ലക്ഷം കെയ്‌സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഇത് 221.8 ലക്ഷമായി താഴ്ന്നു. ഇക്കാലയളവില്‍ മദ്യവില്പനയിലൂടെ ലഭിച്ച വരുമാനം 2,992.7 കോടിയില്‍ നിന്ന് 2,805.4 കോടിയായി കുറയുകയും ചെയ്തു. ജി.എസ്.ടി വകുപ്പിന് നികുതിയായി കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,517.8 കോടി രൂപ ലഭിച്ചു. 2022-23 വര്‍ഷത്തെ 1,484 കോടി രൂപയില്‍ 33 കോടി രൂപയുടെ വര്‍ധന.
ഡ്രൈ ഡേ മാറ്റില്ല
സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാംതിയതി ഡ്രൈ ഡേ ആണ്. ഈ ദിവസം ബാറുകളോ സര്‍ക്കാരിന്റെ മദ്യവിതരണശാലകളോ തുറക്കാറില്ല. ഡ്രൈഡേ എടുത്തു കളയുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി. മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികള്‍ വിമുക്തി മിഷന്റെ കീഴില്‍ നടപ്പാക്കുന്നുണ്ടെന്ന് അദേഹം അവകാശപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ബാറുകള്‍ കൂടിയെങ്കിലും അവയില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ കുറവു വന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
നികുതി കുടിശിക വരുത്തുന്ന ബാറുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. കൃത്യസമയത്ത് നികുതി അടയ്ക്കാത്ത ബാറുകളില്‍ നിന്ന് പിഴശിക്ഷ ഈടാക്കും. 16 ബാര്‍ ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine