കേരളത്തില്‍ ഐ.ടി ജോലികള്‍ക്ക് നല്ല പ്രിയം. 2016ല്‍ 78,000 ഐ.ടി പ്രൊഫഷണലുകളാണ് സംസ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ 2023ല്‍ ഇത് 2.5 ലക്ഷമായി ഉയര്‍ന്നു. ആറ് വര്‍ഷത്തിനിടെ 31 ശതമാനം വർധന. 2025ഓടെ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന വ്യവസായം 8.4 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സികളുമായി ചേര്‍ന്ന് എം.എസ്.എം.ഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തിയ ''കേരളത്തിലെ നിക്ഷേപം, വളര്‍ച്ച, വികസനം 2018-19 മുതല്‍ 2022-23 വരെ'' എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.
കേരളത്തിന്റെ നേട്ടങ്ങള്‍
കേന്ദ്ര വാണിജ്യ മന്ത്രാലയം 2022ലെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരുന്നു. 2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ കേരളം ആകര്‍ഷിച്ചു. ഇതില്‍ ഏകദേശം 5 ലക്ഷം പേര്‍ക്ക് നേരിട്ടും അല്ലാതെയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും പഠനം പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി പഠനം പറയുന്നു. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചാ നിരക്ക് 18.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഈ നേട്ടങ്ങള്‍ 2021-22ല്‍ 12 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താന്‍ സംസ്ഥാനത്തെ സഹായിച്ചു. 2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ സ്വകാര്യമേഖല പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതികള്‍ 23,232 കോടി രൂപയും പൂര്‍ത്തിയാക്കിയ പദ്ധതികള്‍ 9590 കോടി രൂപയുമാണ്.
ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ സംരംഭം ഏകദേശം 1.34 ലക്ഷം സംരംഭങ്ങള്‍ക്ക് 8,110 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്നതിനും 2.87 ലക്ഷം തൊഴിലവസരങ്ങളും സൃഷിടക്കുന്നതിനും കാരണമായതായി എം.എസ്.എം.ഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തിയ പഠനം പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine