image credit : canva 
News & Views

മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിച്ച് കേരളം നേടുന്നത് 9,000 കോടി! വമ്പന്മാരോട് മത്സരിക്കാന്‍ 470 സ്റ്റാര്‍ട്ടപ്പുകളും റെഡി

2032ല്‍ വരുമാനം 34,500 കോടിയിലെത്തും, 1.39 ലക്ഷം പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ പദ്ധതി

Muhammed Aslam

മെഡിക്കല്‍ ഉപകരണ നിര്‍മാണ മേഖലയിലെ 85 കമ്പനികളില്‍ നിന്ന് മാത്രം കേരളത്തിന്റെ വാര്‍ഷിക വരുമാനം 9,000 കോടി രൂപയെന്ന് കണക്കുകള്‍. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 470 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കേരളത്തിലുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആശുപത്രിയില്‍ രോഗിയുടെ പേര് വിവരങ്ങള്‍ ചേര്‍ക്കുന്നത് മുതല്‍ രോഗനിര്‍ണയത്തിനും ചികിത്സക്കും വേണ്ട അത്യാധുനിക ഉപകരണങ്ങളും സേവനങ്ങളും വികസിപ്പിച്ചാണ് കേരളത്തിലെ ഹെല്‍ത്ത് കെയര്‍-ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആഗോള ശ്രദ്ധനേടുന്നത്.

മെഡിക്കല്‍ ഉപകരണ നിര്‍മാണ ഹബ്ബ്

മെഡിക്കല്‍ ടെക്‌നോളജി, ഉപകരണ മേഖലയില്‍ കേരളത്തെ ദേശീയതലത്തില്‍ മുന്‍നിരയിലെത്തിക്കാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് പുറമെ കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യവും (കെ.എം.ടി.സി) ഇതിന് വേണ്ടി നിയോഗിക്കപ്പെട്ടിട്ടുണ്ട്. 2032ലെത്തുമ്പോള്‍ കേരളത്തെ മെഡിക്കല്‍ ഉപകരണ രംഗത്തെ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി. നിലവില്‍ 80ലധികം രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളാണ് കേരളത്തിലുള്ളത്. ഏഴ് കൊല്ലത്തിനുള്ളില്‍ ഇത് 700ലെത്തിക്കുമെന്ന് കെ.എം.ടി.സി സ്‌പെഷ്യല്‍ ഓഫീസര്‍ സി.പദ്മകുമാര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. നിലവില്‍ 25,000 പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ 1,39,000 തൊഴിലവസരങ്ങള്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ മേഖലയില്‍ സൃഷ്ടിക്കാനാകും. മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളെയും ഈ രംഗത്തേക്ക് കൊണ്ടുവരും. ഇതോടെ 34,500 കോടി രൂപയുടെ (ഒരു ബില്യന്‍ ഡോളര്‍) വരുമാനം ഈ മേഖലയില്‍ നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്ര ചെറുതല്ല കൊച്ചുകേരളത്തിലെ കമ്പനികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിര്‍മാതാക്കളായ തെറുമോ പെന്‍പോള്‍, ഏഷ്യയിലെ ഏറ്റവും വലിയ ഡെന്റല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഡെന്റ് കെയര്‍, രോഗനിര്‍ണയത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗാപ്പെ ഡയഗനോസ്റ്റിക് ലിമിറ്റഡ് തുടങ്ങി ആഗോളതലത്തില്‍ ശ്രദ്ധനേടിയ നിരവധി കമ്പനികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. വായിലെ കാന്‍സറിന് കാരണമാകുന്ന മുറിവുകള്‍ കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞ ഓറല്‍ സ്‌കാന്‍ ഉപകരണം വികസിപ്പിച്ചതും കേരളത്തിലാണ്. ഡോ.സുഭാഷ് നാരായണന്റെ നേതൃത്വത്തിലുള്ള സസ്‌കാന്‍ മെഡിടെകിന് ഇക്കാര്യത്തില്‍ 2021ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരവും ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ മറ്റ് നിരവധി കമ്പനികളും കേരളത്തിലുണ്ട്.

അന്താരാഷ്ട്ര ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ ഹെക്ക

അത്യാധുനിക ശ്വസന ഉപകരണം വികസിപ്പിച്ചാണ് ഹെക്ക മെഡിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരോഗ്യ മേഖലയില്‍ ഇടംപിടിച്ചത്. കൊവിഡ് കാലത്തടക്കം ശ്വസന രോഗികള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഹെക്ക ഫ്‌ളോ അല്ലെങ്കില്‍ ഹൈ ഫ്‌ളോ നേസല്‍ കാനുല (എച്ച്.എഫ്.എന്‍.സി) എന്ന ഉപകരണം വികസിപ്പിച്ചതെന്ന് ഹെക്ക മെഡിക്കല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു അഗസ്റ്റിന്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. ന്യൂമോണിയ പോലുള്ള ഗുരുതര ശ്വാസകോശ രോഗം ബാധിച്ചവര്‍ക്ക് രോഗശമനം നേരത്തെയാക്കാനും വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാനും സഹായകമാണ് ഈ ഉപകരണം. സഹോദരന്മാരായ ബിജു അഗസ്റ്റിന്‍, ഡോ.ജോബി അഗസ്റ്റിന്‍ എന്നിവരുമായി ചേര്‍ന്ന് കേരളത്തില്‍ തന്നെയാണ് ഉപകരണം വികസിപ്പിച്ചത്. നവജാത ശിശുക്കള്‍ക്കുള്ള ബബിള്‍ സിപാപ് (ഇജഅജ) ഉപകരണവും ഇപ്പോള്‍ കമ്പനിയുടേതായി വിപണിയിലുണ്ട്.

ഓപ്പറേഷൻ തിയേറ്ററിലും വെർച്വൽ വിപ്ലവം 

താക്കോല്‍ദ്വാര ശസ്ത്രക്രിയ ആയാസരഹിതമാക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്‌ളിക്കേഷന്‍ വികസിപ്പിച്ചത് കൊച്ചിയിലെ എക്.ആര്‍ ഹൊറൈസണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. മണിക്കൂറുകള്‍ നീളുന്ന ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് ഒരു വെര്‍ച്വല്‍ സ്‌ക്രീന്റെ സഹായത്തോടെ രോഗിയെ നിരീക്ഷിക്കാവുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. മറ്റൊരിടത്തുള്ള ഡോക്ടര്‍മാര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ലൈവായി ശസ്ത്രക്രിയ വീക്ഷിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംശയങ്ങള്‍ തീര്‍ക്കാനും ഇതില്‍ അവസരമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടെ ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനുള്ള പദ്ധതി കൂടി ആവിഷ്‌കരിക്കുമെന്ന് എക്‌സ്.ആര്‍ ഹൊറൈസണ്‍ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ഡെന്‍സില്‍ ആന്റണി പറഞ്ഞു.

മാറ്റം വേണം

അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പരീക്ഷക്ക് മുന്‍ഗണന നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ളത്. ഇതിന് പകരം ഗവേഷണത്തിനും സംരംഭകത്വത്തിനും ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസ രീതി കൂടുതല്‍ വ്യാപകമാക്കണം. കേരളത്തിന് മാത്രം അവകാശപ്പെട്ട ആയുര്‍വേദത്തില്‍ നിന്നും കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ആഗോള തലത്തില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ മേഖലയിലെ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യകളാണുള്ളതെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഈ മേഖലയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എ.കെ ശ്രീവിലാസനും പറഞ്ഞു. സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ സംരംഭക ശീലങ്ങള്‍ വളര്‍ത്തുന്നതിന് ഐ.എം.എയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംരംഭകത്വം പഠിക്കാം, മെഡിക്കല്‍ കോളേജുകളില്‍ നിന്നും

ആരോഗ്യ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഉടന്‍ തന്നെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐ.ഇ.ഡി.സി (ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലെപ്‌മെന്റ് സെന്റര്‍) ആരംഭിക്കുമെന്നും സി.പദ്മകുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വ്യവസായശാലകള്‍, ആശുപത്രികള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവരെ കോര്‍ത്തിണക്കിയാണ് ഇത് സാധ്യമാക്കുന്നത്. തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഇക്കൊല്ലം അവസാനത്തോടെ മെഡിക്കല്‍ ഡിവൈസ് പാർക്ക് പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT