image credit : facebook.com/ KochiMetroRail 
News & Views

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ! അനുമതി തേടി മുഖ്യമന്ത്രി, നെടുമ്പാശേരിയിലേക്ക് നീളുന്ന പാതയും ആവശ്യത്തില്‍

ഇരുനഗരങ്ങളിലും കൊച്ചി നഗരത്തിലെ മാതൃകയില്‍ മെട്രോ സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം

Dhanam News Desk

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിലിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തുനല്‍കി. കൊച്ചി വിമാനത്താവളത്തിലേക്ക് നീളുന്ന കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന് അനുമതി നല്‍കണമെന്നും കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇരുനഗരങ്ങളിലും കൊച്ചി നഗരത്തിലെ മാതൃകയില്‍ മെട്രോ സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ കേന്ദ്രസര്‍ക്കാര്‍ മറ്റ് നടപടികളിലേക്ക് കടക്കൂ എന്നാണ് വിവരം.

തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇതുസംബന്ധിച്ച് കഴിഞ്ഞ ബഡ്ജറ്റിലും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയാണെങ്കിലും പലവിധ കാരണങ്ങളാല്‍ ഇത് നീളുകയായിരുന്നു. ഇതിനിടയിലാണ് മെട്രോ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. കേന്ദ്രാനുമതി കൂടി ലഭിച്ചാല്‍ അധികം വൈകാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

തിരുവനന്തപുരം മെട്രോ

കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് മുന്നില്‍ നിന്നും ആരംഭിച്ച് പുത്തരിക്കണ്ടം മൈതാനം വരെ നീളുന്ന പാതയാണ് തിരുവനന്തപുരം മെട്രോയുടെ ആദ്യഘട്ടത്തിന് വേണ്ടി പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ നല്‍കിയ അലൈന്‍മെന്റ് വൈകാതെ മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്നാണ് അറിയുന്നത്. രണ്ടാം ഘട്ടത്തില്‍ കിള്ളിപ്പാലം-കരമന റൂട്ട് പരിഗണിച്ചിരുന്നെങ്കിലും കുടപ്പനക്കുന്നിലേക്ക് മെട്രോ നീട്ടാന്‍ പറ്റുമോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം മെട്രോ സാധ്യമായാല്‍ കൊച്ചിയിലേക്കാള്‍ യാത്രക്കാരുണ്ടാകുമെന്നും അടുത്തിടെ പഠനത്തില്‍ തെളിഞ്ഞിരുന്നു.

കോഴിക്കോട് മെട്രോ

ഗതാഗതകുരുക്കില്‍ നട്ടം തിരിയുന്ന കോഴിക്കോട് നഗരത്തില്‍ മെട്രോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. 27.1 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് ഇവിടെ പരിഗണിക്കുന്നത്. ഏറ്റവും തിരക്കുള്ള സ്ഥലങ്ങള്‍ കണക്കാക്കിയാകും അലൈന്‍മെന്റ് നിശ്ചയിക്കുന്നത്. വെസ്റ്റ്ഹില്‍-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂര്‍-രാമനാട്ടുകര റൂട്ടിലും മെഡിക്കല്‍ കോളേജ്-തൊണ്ടയാട്-കോഴിക്കോട്-ബീച്ച് റൂട്ടിലുമാണ് പരിഗണന.

കൊച്ചി വിമാനത്താവളത്തിലേക്ക് മെട്രോ നീളും

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനുള്ള കേന്ദ്രാനുമതിയും സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്നും വിമാനത്താവളത്തിലേക്കും അവിടുന്ന് അങ്കമാലിയിലേക്കും നീളുന്ന പുതിയ പാതയാണ് വരുന്നത്. വിമാനത്താവളത്തിന്റെ ഭാഗത്ത് ഭൂഗര്‍ഭ പാതയുള്‍പ്പെടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT