Image Courtesy: Canva 
News & Views

മറുനാടന്‍ ഡ്രൈവിംഗ് ലൈസന്‍സ് കേരളത്തില്‍ എളുപ്പത്തില്‍ ചെലവാകില്ല, 'പൂട്ടിട്ട്' എം.വി.ഡി

അപേക്ഷകൻ എം.വി.ഡി ആവശ്യപ്പെടുന്നതിന് അനുസരിച്ച് വാഹനം ഓടിച്ച് കാണിക്കണം

Dhanam News Desk

കേരളത്തിലുളളവര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് നേടുന്ന പ്രവണത അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്. ഇതിന് തടയിടാനായി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഡ്രൈവിംഗ് ലൈസൻസിൽ വിലാസം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതല്‍ ശക്തമാക്കാന്‍ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) നിയമങ്ങള്‍ പരിഷ്കരിച്ചിരിക്കുകയാണ്.

വിവേചനാധികാരം ഇൻസ്പെക്ടർമാർക്ക് 

അപേക്ഷകൻ എം.വി.ഡി ആവശ്യപ്പെടുന്നതിന് അനുസരിച്ച് വാഹനം ഓടിച്ച് കാണിക്കേണ്ടതുണ്ട്. ഇത്തരത്തിലുളള നടപടി ക്രമം പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് വിലാസ മാറ്റം അനുവദിക്കുക.

റോഡ് ടെസ്റ്റ് ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം എം.വി.ഡി ഇൻസ്പെക്ടർമാർക്ക് നല്‍കിയാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത്. മിക്ക ഇൻസ്പെക്ടർമാരും ടെസ്റ്റ് നടത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

അപേക്ഷകന്റെ ഡ്രൈവിംഗ് കഴിവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറല്ല എന്നാണ് എം.വി.ഡി ഇൻസ്പെക്ടർമാരുടെ നിലപാട്. ലൈസൻസ് കാലപരിധി കഴിഞ്ഞിട്ടില്ലെങ്കില്‍, മറ്റൊരു സംസ്ഥാനത്ത് നിന്ന് എടുക്കുന്ന ലൈസൻസ് പുതുക്കുന്നതിനായി മുമ്പ് കേരളത്തിൽ അപേക്ഷകരോട് റോഡ് ടെസ്റ്റിന് വിധേയമാകാന്‍ ആവശ്യപ്പെട്ടിരുന്നില്ല.

ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് പൗരന്മാരെ അനുവദിക്കുന്ന ചട്ടമാണ് മോട്ടോർ വെഹിക്കിൾസ് ആക്ടില്‍ ഉളളത്. ഇതിനായി രാജ്യത്തുടനീളം ഒരേ മാനദണ്ഡങ്ങളാണ് നിഷ്കര്‍ഷിക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസം മാറ്റുന്നതിനും പുതുക്കുന്നതിനും കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനാണ് കേരളാ എം.വിഡി യുടെ തീരുമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT