കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനാണ് സൂരജ് രവി. ഭാര്യ അര്‍ച്ചന ഗോപനും ഐടി ഫീല്‍ഡ് തന്നെ. കമ്പനിയുടെ ഇടപാടുകാര്‍ വിദേശികളായതിനാല്‍ ഇരുവര്‍ക്കും ജോലി ആരംഭിക്കുന്നത് വൈകുന്നേരമാണ്. പകല്‍ സമയം ഉറക്കത്തിനും മറ്റുമായി മാറ്റിവയ്ക്കുന്നു. രാത്രിയാണ് ജോലിയും ഷോപ്പിംഗുമെല്ലാം. ഇത് സൂരജ്-അര്‍ച്ചന ദമ്പതികളുടെ മാത്രം കാര്യമല്ല.
കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടെ കേരളത്തിലെ വലിയ സിറ്റികളില്‍ നൈറ്റ് ലൈഫിനും ഷോപ്പിംഗിനും ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. മുമ്പ് രാത്രി ഒന്‍പതിന് ശേഷം ഹോട്ടലുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതായിരുന്നു രീതി. എന്നാലിപ്പോള്‍ ആ സ്ഥിതി മാറിയിരിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളും റെസ്റ്റോറന്റുകളും ഇപ്പോള്‍ രാത്രികളില്‍ സജീവമാണ്.
തിരക്കേറിയ പകല്‍ സമയത്ത് ഷോപ്പിംഗ് നടത്താന്‍ ഇപ്പോള്‍ പലര്‍ക്കും താല്പര്യക്കുറവാണ്. റോഡിലെ ട്രാഫിക് ബ്ലോക്കും പൊടിയും ബഹളവുമെല്ലാം പകല്‍ ഷോപ്പിംഗില്‍ നിന്ന് മാറിചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഈയൊരു ട്രെന്റിനൊപ്പം നില്ക്കുന്നത് കൂടുതലും കുടുംബങ്ങളാണെന്ന് വ്യാപാരികള്‍ പറയുന്നു. തിരക്കും ബഹളവുമില്ലാതെ പര്‍ച്ചേസ് നടത്താമെന്നതാണ് പലരും നൈറ്റ് ഷോപ്പിംഗ് തിരഞ്ഞെടുക്കാന്‍ കാരണം.
വലിയ ബഹളമില്ലാതെ ഷോപ്പിംഗ് നടത്താന്‍ പറ്റിയത് രാത്രിയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി വീട്ടിലേക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയിലാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നത്. നൈറ്റ് ഷോപ്പിംഗ് എന്നത് ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്- പ്രമുഖ പൊതുമേഖല ബാങ്കില്‍ ജോലി ചെയ്യുന്ന മനീഷ മാത്യു ധനംഓണ്‍ലൈനിനോട് പറഞ്ഞു.
രാത്രികാലങ്ങളില്‍ ഷോപ്പിംഗിനായി പുറത്തിറങ്ങുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന ശേഷിയുള്ള അല്ലെങ്കില്‍ 'പ്രീമിയം' ഉപയോക്താക്കളാണ്. ഐടി, കോര്‍പ്പറേറ്റ്, മാനേജ്മെന്റ് തലത്തിലുള്ള ജോലി ചെയ്യുന്നവര്‍, ഡോക്ടര്‍മാര്‍, സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് പകല്‍ സമയം പലപ്പോഴും തിരക്കുപിടിച്ചതായിരിക്കും.
പകല്‍ സമയങ്ങളില്‍ ജോലിയും ഔദ്യോഗിക കാര്യങ്ങളും കാരണം ഇവര്‍ക്ക് ഷോപ്പിംഗിന് സമയം ലഭിക്കാറില്ല. വൈകുന്നേരങ്ങളിലോ രാത്രിയിലോ ആണ് ഇവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാനോ സമയം കണ്ടെത്തുന്നത്.
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന പ്രീമിയം ഉപയോക്താക്കള്‍ വെറുമൊരു പര്‍ച്ചേസിംഗ് എന്നതിലുപരി ലെഷര്‍ & എന്റര്‍ടൈന്‍മെന്റ് എന്ന രീതിയിലാണ് ഷോപ്പിംഗിനെ കാണുന്നത്. നല്ല ലൈറ്റിംഗും അന്തരീക്ഷവുമുള്ള മാളുകളിലോ പ്രീമിയം സ്ട്രീറ്റുകളിലോ സമയം ചെലവഴിക്കുമ്പോള്‍ ഇവര്‍ വില നോക്കാതെ പണം ചെലവഴിക്കാന്‍ തയാറാകുന്നു.
കൊച്ചിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പലതും ഇപ്പോള്‍ രാത്രി വൈകിയും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പകല്‍ സമയത്തെ അപേക്ഷിച്ച് സ്റ്റാഫുകളുടെ എണ്ണം രാത്രിയില്‍ കുറവാണ്. പകലിനെ അപേക്ഷിച്ച് തിരക്ക് കുറവാണെങ്കിലും കൂടുതല്‍ ബിസിനസ് നടക്കുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
കോഴിക്കോട് മുമ്പ് തന്നെ രാത്രികാല ഹോട്ടല്‍, റെസ്‌റ്റോറന്റ്, കഫേകള്‍ സജീവമായിരുന്നു. ഈ ട്രെന്റ് ഇപ്പോള്‍ കൊച്ചിയിലും വീശുന്നുണ്ട്. നഗരത്തില്‍ ഉച്ചയ്ക്ക് ശേഷം തുറന്ന് പാതിരാത്രി വരെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ ഏറെയാണ്.
രാത്രി പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നത് വ്യാപാരികള്‍ക്ക് പല രീതിയിലുള്ള ഗുണങ്ങള്‍ നല്‍കുന്നു.
ദിവസത്തിലെ മൊത്തം വില്പന വര്‍ധിപ്പിക്കാം.
ജോലി കഴിഞ്ഞ് ഷോപ്പിംഗിന് എത്തുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാം.
തിരക്ക് വ്യത്യസ്ത സമയങ്ങളിലേക്ക് വിഭജിക്കപ്പെടുന്നതിനാല്‍ മികച്ച ഉപഭോക്തൃ അനുഭവം നല്‍കാം.
റെസ്റ്റോറന്റുകള്‍, കഫേകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് അധിക വരുമാനം ലഭിക്കും.
ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളുമായി സംയോജിപ്പിച്ച് കൂടുതല്‍ ഓര്‍ഡറുകള്‍ നേടാം.
കേരളത്തിന്റെ ടൂറിസം മേഖലയില്‍ നൈറ്റ് ഇക്കോണമിക്ക് വലിയ സാധ്യതകളുണ്ട്. വിദേശ വിനോദസഞ്ചാരികളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും രാത്രിയിലും സജീവമായ നഗരാനുഭവങ്ങളാണ് സാധാരണയായി പ്രതീക്ഷിക്കുന്നത്.
ലൈറ്റ് ഷോകള്‍, നൈറ്റ് മാര്‍ക്കറ്റുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംഗീത വേദികള്‍, രാത്രി ഭക്ഷ്യോത്സവങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിനോദസഞ്ചാരികളുടെ ചെലവ് വര്‍ധിപ്പിക്കാനും താമസദൈര്‍ഘ്യം കൂട്ടാനും കഴിയും.
നൈറ്റ് ഷോപ്പിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും വ്യാപാരികളും ചേര്‍ന്ന് മുമ്പ് പല തരത്തിലുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. അന്ന് കാര്യമായി വിജയം കണ്ടില്ല. ഇപ്പോള്‍ സ്വഭാവികമായി ഈ ട്രെന്റിലേക്ക് കൊച്ചി പോലുള്ള നഗരങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതായി ഈ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine