Image Courtesy: KN Balagopal/facebook.com/photo 
News & Views

കടക്കെണിയോ, ആര്‍ക്ക്? കേരളത്തിന്റെ തനത് വരുമാനം ഈ വര്‍ഷം ലക്ഷം കോടിയാകുമെന്ന് ധനമന്ത്രി, പൊതുകടം ആറു ലക്ഷം കോടിയെന്ന പ്രചാരണം തെറ്റാണെന്നും ബാലഗോപാല്‍

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പൊതുകടം 6 ലക്ഷം കോടിയാകുമെന്ന പ്രചാരണം തെറ്റാണെന്നും, 4.74 ലക്ഷം കോടി മാത്രമാണ് നിലവിലെ കടമെന്നും സി.എ.ജി. കണക്കുകള്‍ സൂചിപ്പിക്കുന്നതായും മന്ത്രി

Dhanam News Desk

എല്ലാവരെയും ഒരുപോലെ ചേര്‍ത്ത് പിടിച്ചുള്ള കേരള മോഡല്‍ മാനവ വികസനത്തിലെ ലോകമാതൃകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ധനകാര്യവകുപ്പ് എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ കേരളം @ 2031: ഒരു പുതിയ ദര്‍ശനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു വികസനത്തില്‍ എല്ലാവരെയും പരിഗണിക്കുന്ന മാതൃക കേരളത്തിന്റെ സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളേക്കാള്‍ വരുമാനം കുറവാണെങ്കിലും, മനുഷ്യ വികസന സൂചികയില്‍ കേരളം മുന്നിലാണ്. ശിശുമരണ നിരക്കിന്റെ കണക്കുകളില്‍ കേരളം അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ മുന്നിലാണ്. ജനനം മുതല്‍ മരണം വരെ മനുഷ്യന്റെ ജീവിതത്തിനൊപ്പം നില്‍ക്കുന്നതാണ് കേരളീയ സമൂഹം.

ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് ഏറ്റവും കൂടുതല്‍ പണം മുടക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്ന ശമ്പളത്തില്‍ 50% അധികം അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് എന്നത് ഈ മുന്‍ഗണന വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രവാസത്തില്‍ ആശങ്ക

കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ ഏകദേശം 23% വരെ പ്രവാസി വരുമാനം സംഭാവന ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആകെ പ്രവാസി വരുമാനത്തില്‍ വലിയ പങ്ക് കേരളത്തില്‍ നിന്നാണ്. ഇത് സംസ്ഥാനത്തെ നിക്ഷേപത്തിന് ഏറെ സഹായകമായി. എന്നാല്‍, വിസ ഫീസ് വര്‍ധന പോലുള്ള പുതിയ സാഹചര്യങ്ങള്‍ പ്രവാസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു.

കേരളം നിലവില്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സാമ്പത്തിക ബാലന്‍സ് കുറഞ്ഞു. നിരക്ക് കുറച്ചതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കാതെ വലിയ നിര്‍മ്മാതാക്കള്‍ക്കാണ് കിട്ടിയതെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ജി.എസ്.ടി പരിഷ്‌ക്കരണം കാരണം സംസ്ഥാനത്തിന് ഏകദേശം 8,000 കോടി മുതല്‍ 10,000 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടായേക്കാമെന്നും അദ്ദേഹം പരഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പണത്തിന്റെ വിഹിതം കുറഞ്ഞതും കേരളത്തെ ബാധിച്ചു. 14-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഓരോ 100 രൂപക്കും 3.80 രൂപ കിട്ടിയിരുന്നത് ഇപ്പോള്‍ 1.92 രൂപയായി കുറഞ്ഞു. ഇതുവഴി വര്‍ഷംതോറും 27,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്റെയും കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍കാലങ്ങളില്‍ എടുത്ത കടത്തിന്റെയും പേരില്‍ ഇപ്പോള്‍ നമ്മുടെ വായ്പാ അനുപാതത്തില്‍ വെട്ടിക്കുറവ് വരുത്തുന്നു. ഇതുമൂലം കിഫ്ബിയുടെ ധന സ്രോതസ്സുകള്‍ തടയപ്പെടുന്ന അവസ്ഥയാണ്. ഈ വര്‍ഷം പതിനായിരം കോടി രൂപയെങ്കിലും കിഫ്ബിയ്ക്ക് നല്‍കുന്നത് സംസ്ഥാന ബജറ്റില്‍ നിന്നാണ്.

കേരളം കടക്കെണിയിലല്ല

കേരളം കടക്കെണിയിലാണെന്ന വാദം തെറ്റാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിന്റെ കടം അപകടാവസ്ഥയിലല്ലെന്നും, വായ്പകള്‍ മൂലധന ചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര, ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പൊതുകടം 6 ലക്ഷം കോടിയാകുമെന്ന പ്രചാരണം തെറ്റാണെന്നും, 4.74 ലക്ഷം കോടി മാത്രമാണ് നിലവിലെ കടമെന്നും സി.എ.ജി. കണക്കുകള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുചെലവുകള്‍ക്കും കുറവ് വരുത്തിയിട്ടില്ല. ഈ വര്‍ഷം നമ്മുടെ തനത് വരുമാനം ഒരു ലക്ഷം കോടി രൂപയിലേക്ക് എത്തുകയാണ്.

കേരളത്തിന്റെ ഭാവി വികസനത്തിന് പൊതുനിക്ഷേപം അത്യന്താപേക്ഷിതമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പബ്ലിക് സ്‌പെന്‍ഡിംഗ് വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, കേരളത്തിന് ന്യായമായി ലഭിക്കേണ്ട സാമ്പത്തിക വിഹിതം ഉറപ്പാക്കാന്‍ കൂട്ടായ പ്രസ്ഥാനം ഉണ്ടാകണം. കൃഷി, വ്യവസായം എന്നിവയ്‌ക്കൊപ്പം സര്‍വീസ് മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT