ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിച്ചതോടെ കേരളത്തിലടക്കം പഴയ സ്വര്‍ണത്തിന്റെ വില്‍പന വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. പുതിയ സ്വര്‍ണം വാങ്ങാന്‍ പഴയ സ്വര്‍ണവുമായി ജുവലറികളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ചില ജുവലറികള്‍ പഴയ സ്വര്‍ണം വാങ്ങുന്നതായി പ്രത്യേക പാക്കേജുകള്‍ വരെ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന തുക ചെലവഴിക്കേണ്ടി വരുന്നതാണ് പഴയ സ്വര്‍ണത്തിന്റെ കൈമാറ്റം വ്യാപകമാക്കുന്ന പ്രധാന ഘടകം. വിലയും കൈമാറ്റ ഓഫറുകളും ഇളവുകളും താരതമ്യം ചെയ്താണ് കൂടുതല്‍ പേര്‍ വാങ്ങല്‍ തീരുമാനിക്കുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പുതിയ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ മുഴുവന്‍ തുകയും പണമായി നല്‍കുന്നതിനു പകരം പഴയ ആഭരണം കൈമാറുന്ന രീതി കേരളത്തിലും വ്യാപകമായിട്ടുണ്ട്. സ്വര്‍ണം വാങ്ങുന്നതിലെ ചെലവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നതാണ് മെച്ചം.
ചില ജുവലറികളില്‍ പഴയ സ്വര്‍ണത്തിന്റെ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികം ഉയര്‍ന്നതായാണ് കണക്കുകള്‍. പരമ്പരാഗതമായി കൈമാറി വന്ന സ്വര്‍ണം മാറി പുതിയ സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നവരുടെ എണ്ണം ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്.
പഴയ സ്വര്‍ണം വില്‍ക്കാനെത്തുവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചതായി എറണാകുളം എംജി റോഡില്‍ പഴയ സ്വര്‍ണം വാങ്ങുന്ന തമിഴ്‌നാട് സ്വദേശി എം. മുരുകന്‍ പറയുന്നു. മുന്‍കാലങ്ങളില്‍ കൂടുതലായും സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ വായ്പയ്ക്ക് ഈടായി വച്ചിരുന്ന സ്വര്‍ണമായിരുന്നു വില്‍പനയ്ക്കായി എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ ട്രെന്റിന് മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണമാണ് കൂടുതല്‍ പേരും ഇപ്പോള്‍ വില്‍ക്കുന്നത്.
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ എന്‍ബിഎഫ്‌സികളില്‍ ഈട് വച്ചിരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാനുള്ള താല്‍പര്യം വര്‍ധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സ്വര്‍ണ വായ്പ കുടിശിഖയിലായിരുന്നവര്‍ തിരിച്ചടവിന് കൂടുതല്‍ താല്പര്യം കാണിക്കുന്നതായി പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.
പുതിയ ആഭരണം വാങ്ങുകയാണ് ലക്ഷ്യമെങ്കില്‍ എക്‌സ്‌ചേഞ്ച് പ്രയോജനപ്പെടാം. പണം കണ്ടെത്തുകയാണ് ആവശ്യമെങ്കില്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതിന് മുന്‍ഗണന നല്കാമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു.
ഇടപാടിന് മുമ്പ് ജുവലറി ഉപയോഗിക്കുന്ന സ്വര്‍ണനിരക്ക്, പരിശുദ്ധി പരിശോധിക്കുന്ന രീതി, സ്വര്‍ണത്തിന്റെ തൂക്കം, ബാധകമായ കിഴിവുകള്‍ എന്നിവ എഴുതി വാങ്ങുന്നത് നല്ലതാണ്. പഴയ ബില്ലോ സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ കൈയില്‍ കരുതാം. പുതിയ ആഭരണത്തിന്റെ ഹാള്‍മാര്‍ക്കും പണിക്കൂലിയും പരിശോധിച്ചശേഷം അന്തിമ വില താരതമ്യം ചെയ്യണം.
Read DhanamOnline in English
Subscribe to Dhanam Magazine