മിഡില്‍ ഈസ്റ്റിലെ യുദ്ധ ആശങ്കകളും മണ്‍സൂണ്‍ മഴയുടെ ഉന്മേഷക്കുറവും പ്രതിസന്ധിയായി നില്ക്കുമ്പോഴും ഓണസീസണില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സംസ്ഥാനത്തെ ബിസിനസ് ലോകം. കേരളത്തിലെ ഏറ്റവും വലിയ വില്പന സീസണ്‍ ആണ് ഓണക്കാലം. എല്ലാ മേഖലയിലും ഒരുപോലെ ബിസിനസ് നടക്കുന്ന കാലം കൂടിയാണിത്. 2018ലെ പ്രളയത്തിനുശേഷം ഓണക്കാലം അത്ര സുഖകരമായ കാലാവസ്ഥയല്ല വിപണിക്ക് നല്കുന്നത്.
ചെറുതും വലുതുമായ കമ്പനികളുടെ പരസ്യ ബജറ്റിന്റെ 20 ശതമാനത്തിലധികം തുക മാറ്റിവയ്ക്കുന്നത് ഓണക്കാലത്തേക്കാണ്. ഓണക്കാലത്തെ കമ്പനികളുടെ ചെലവഴിക്കല്‍ 1,000 കോടി രൂപയ്ക്ക് അടുത്തു വരുമെന്നാണ് വിപണി വിലയിരുത്തല്‍. ഇത് എല്ലാ ബജറ്റും കൂടിയുള്ള തുകയാണ്. ഈ വര്‍ഷം പരസ്യ ബജറ്റില്‍ 15-20 ശതമാനം വര്‍ധന രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
പരമ്പരാഗതമായി ടിവി, പത്ര മാധ്യമങ്ങളായിരുന്നു പരസ്യത്തിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ സോഷ്യല്‍മീഡിയ കാലത്ത് പരസ്യത്തിന്റെ രീതികള്‍ മാറി. ഇന്‍ഫ്‌ളൂവന്‍സര്‍മാരും ക്രിയേറ്റേഴ്‌സും പരസ്യ വിപണിയുടെ ഒരുഭാഗം സ്വന്തമാക്കുന്നു. വലിയ സ്ഥാപനങ്ങളും ബ്രാന്‍ഡുകളും വലിയ ബജറ്റില്‍ പരസ്യം ചെയ്യുമ്പോള്‍ പ്രാദേശിക സ്ഥാപനങ്ങള്‍ കൂടുതലായി ഇത്തരം ആളുകളെയാണ് ആശ്രയിക്കുന്നത്.
ഓണത്തിന് രണ്ടുമാസം മുമ്പ് തന്നെ പരസ്യമേഖലയില്‍ തിരക്ക് തുടങ്ങുമെന്ന് അഡൈ്വര്‍ടൈസിംഗ് രംഗത്ത് ജോലി ചെയ്യുന്ന രാകേഷ് മോഹന്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ ഉന്മേഷം കൂടുതലാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം, ഗള്‍ഫില്‍ യുദ്ധത്തിന്റെ കാര്‍മേഘം നിറഞ്ഞുനില്‍ക്കുന്നത് പരസ്യ ബജറ്റില്‍ വെട്ടിക്കുറയ്ക്കല്‍ വരുത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഇത്തവണ ഓഗസ്റ്റ് അവസാന വാരമാണ് ഓണം. അതുകൊണ്ട് തന്നെ ഓഗസ്റ്റ് മാസം പൂര്‍ണമായും കച്ചവട മേഖലയ്ക്ക് ലഭിക്കും. ഫിഫ ലോകകപ്പ് ആവേശം ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മികച്ച തോതില്‍ കച്ചവടം ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇലക്‌ട്രോണിക് മേഖലയില്‍. ലോകകപ്പിനോട് അനുബന്ധിച്ച് പ്രമുഖ കമ്പനികളെല്ലാം പ്രത്യേക വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് കഴിയുന്നതോടെ ഓണവിപണിയും സജീവമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ കണക്കുകൂട്ടുന്നു.
കേരളത്തേക്കാള്‍ ആഘോഷത്തോടെയാണ് പുറംനാടുകളില്‍ ഓണം ആഘോഷിക്കുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍. സദ്യ ഉണ്ണാനുള്ള ഇല മുതല്‍ തേങ്ങയും പച്ചക്കറിയുമെല്ലാം ഗള്‍ഫിലേക്ക് എത്തുന്നത് കേരളത്തില്‍ നിന്നാണ്. ഗള്‍ഫിലെ ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്യുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഗള്‍ഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി പകുതിയോളം കുറഞ്ഞിരുന്നു.
ഇപ്പോഴത്തെ സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക് പോയാല്‍ ഗള്‍ഫ് വിപണിയിലേക്കുള്ള കയറ്റുമതി തളരുമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി മുന്നറിയിപ്പ് നല്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള കയറ്റുമതി മെച്ചപ്പെട്ടു വരുന്ന സമയത്താണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ഇത് ഓണവിപണിയെ അനിശ്ചിതത്തിലാക്കിയിട്ടുണ്ട്.
കേരളത്തിലെ ഓണക്കച്ചവടത്തിന്റെ നേട്ടം കൊയ്യുന്ന മേഖലകളിലൊന്ന് ടെക്‌സ്‌റ്റൈല്‍സ് ഇന്‍ഡസ്ട്രിയാണ്. ഓണ വിപണി സജീവമാക്കാന്‍ കോടിക്കണക്കിന് രൂപയുടെ വസ്ത്രശേഖരമാണ് സംസ്ഥാനത്തുടനീളമുള്ള ഷോറൂമുകളില്‍ ഇതിനകം ഒരുങ്ങുന്നത്. കസവുസാരികള്‍ക്കും സെറ്റ് മുണ്ടുകള്‍ക്കുമൊപ്പം പുതുതലമുറയെ ആകര്‍ഷിക്കുന്ന ഇന്‍ഡോ-വെസ്റ്റേണ്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കും അടുത്ത കാലത്തായി വലിയ ഡിമാന്‍ഡ് ഉണ്ട്.
ഇതിനൊപ്പം ഓണത്തെ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പ്രത്യേക ഓണച്ചന്തകളും വസ്ത്രവിപണിയെ സജീവമാക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 28 കോടി രൂപയോളമാണ് കുടുംബശ്രീ വിപണന മേളകളില്‍ നിന്ന് മാത്രം നേടിയത്.
സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വിപണി ഇടപെടലുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഓണവിപണി സജീവമാക്കാന്‍ സര്‍ക്കാര്‍ 253 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സപ്ലൈകോയുടെ വിപണി ഇടപെടലുകള്‍ക്കായി 200 കോടി രൂപ മാറ്റിവെച്ചു.
കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ സംഘങ്ങള്‍ വഴി സബ്‌സിഡി നിരക്കിലുള്ള അവശ്യസാധനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത് ഓണക്കാലത്തെ കറുത്ത വിപണിയെയും വിലക്കയറ്റത്തെയും ചെറുക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ 180 കോടി രൂപയിലധികം വിറ്റുവരവാണ് കണ്‍സ്യൂമര്‍ഫെഡ് മാത്രം ഓണക്കാലത്ത് നേടിയത്.
Read DhanamOnline in English
Subscribe to Dhanam Magazine