canva , KN Balagopal facebook page
News & Views

ഓണത്തിന് വേണം ₹20,000 കോടി! കടമെടുപ്പില്‍ കേന്ദ്രവും മിണ്ടുന്നില്ല, ട്രഷറി നിയന്ത്രണം വീണ്ടും, ബില്‍ മാറ്റത്തിനുള്ള പരിധി 10 ലക്ഷം

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ കടമെടുപ്പ് 20,000 കോടി രൂപയായി

Dhanam News Desk

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഓണക്കാലത്തെ ചെലവുകള്‍ മുന്നില്‍ കണ്ടാണ് നടപടി. ട്രഷറികളില്‍ നിന്ന് നിലവില്‍ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ അനുമതിയുണ്ട്. ഇത് 10 ലക്ഷമാക്കി കുറച്ചു. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ അത്യാവശ്യ ചെലവുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.

അഞ്ച് ലക്ഷം രൂപ വരെ ആയിരുന്ന ട്രഷറി ബില്‍ മാറ്റ പരിധി കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാര്യമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഓണക്കാലത്തെ അധിക ബാധ്യത മുന്നില്‍ കണ്ട് ചെലവ് കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇനി മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഇടപാടുകാരുടെ നിക്ഷേപം പിന്‍വലിക്കുന്നതിനും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും നിയന്ത്രണമില്ല. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ ദിവസം തന്നെ ട്രഷറികള്‍ക്ക് കൈമാറിയിട്ടുണ്ട്. എത്ര കാലത്തേക്കാണ് നിയന്ത്രണമെന്ന് വ്യക്തമല്ല.

ഓണമുണ്ണാന്‍ 20,000 കോടി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത, ക്ഷേമപെന്‍ഷന്‍, പലിശയുടെ വായ്പ എന്നിവയ്ക്കായി 20,000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 700 കോടി രൂപ ചെലവാകും. ഇതിന് പുറമെ ക്ഷേമപെന്‍ഷന്‍കാര്‍ക്ക് ഒരു മാസത്തെ കുടിശിക അടക്കം രണ്ട് ഗഡു വിതരണം ചെയ്യേണ്ടതുണ്ട്. ഇതിന് 1,900 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

കേന്ദ്രം കനിയുമോ?

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെ 29,529 കോടി രൂപയാണ് കേരളത്തിന് വായ്പയെടുക്കാന്‍ അനുമതിയുള്ളത്. ഇതില്‍ 20,000 കോടി രൂപയും കേരളം എടുത്തിട്ടുണ്ട്. ഇനി ബാക്കിയുള്ളത് 9,529 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ചില നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ കടമെടുപ്പിലും ചില അവ്യക്തതയുണ്ട്.

വിവിധ കാരണങ്ങളാല്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചതും കേരളത്തിന് അര്‍ഹതപ്പെട്ടതുമായ 11,200 കോടി രൂപ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതില്‍ അനുകൂല തീരുമാനമുണ്ടാകുമോ എന്നാണ് ഇനി കാണേണ്ടത്. കഴിഞ്ഞ വര്‍ഷവും ഓണക്കാലത്ത് 4,200 കോടി രൂപ കേന്ദ്രം അധികമായി കടമെടുക്കാന്‍ അനുവദിച്ചിരുന്നു. ഓണച്ചെലവുകള്‍ക്കായി ഈ മാസം 26നും സെപ്തംബര്‍ രണ്ടിനും കേരളം കടപത്രങ്ങള്‍ പുറപ്പെടുവിക്കും.

Kerala’s Onam festivities require ₹20,000 crore for salaries, pensions, bonuses, and welfare benefits. The state faces tighter treasury bill limits, reduced from ₹25 lakh to ₹10 lakh, to control spending.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT