News & Views

റൈഡുകള്‍ നിയന്ത്രിക്കുന്നത് അല്‍ഗോരിതം; ദിവസാവസാനം പോക്കറ്റിലെത്തുക നിസാര തുക! ജീവിതം മുന്നോട്ടു നീക്കാനാകാതെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍

ആദ്യകാലത്ത് ആകര്‍ഷകമായ ഇന്‍സെന്റീവുകളും കുറഞ്ഞ കമ്മീഷന്‍ നിരക്കുകളും നല്‍കിയാണ് ആപ്പ് കമ്പനികള്‍ ഡ്രൈവര്‍മാരെ പ്ലാറ്റ്ഫോമുകളിലേക്ക് ആകര്‍ഷിച്ചത്.

Lijo MG

സ്വന്തം വാഹനത്തിന്റെ സ്റ്റിയറിംഗ് പിടിക്കുമ്പോള്‍ 'എന്റെ സമയം, എന്റെ വരുമാനം' എന്നതായിരുന്നു അവരുടെ ആവേശം. എന്നാല്‍, യൂബറും ഓലയും വാഗ്ദാനം ചെയ്ത ആ സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യം ഇന്നേറെ അകലെയാണ്. വായ്പയെടുത്ത വാഹനത്തിന്റെ ഇഎംഐ, ഉയരുന്ന ഇന്ധനച്ചെലവ്, പ്ലാറ്റ്ഫോമുകളുടെ കമ്മീഷന്‍, അനിശ്ചിതമായ റൈഡുകള്‍ ഇതെല്ലാം കഴിഞ്ഞ് ദിവസാവസാനം കൈയില്‍ ബാക്കിയാകുന്നത് പലപ്പോഴും നിരാശ മാത്രമാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരം കഴക്കൂട്ടത്തും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആപ്പ് ടാക്സി ഓടിക്കുന്നവരുടെ ജീവിതം ഇന്ന് എങ്ങനെയാണ്? ഗിഗ് ഇക്കോണമിയുടെ തിളക്കത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ എന്താണ്?

ഒരുകാലത്ത് മികച്ച വരുമാനവും ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത തൊഴില്‍ മേഖലയായിരുന്നു ആപ്പ് അധിഷ്ഠിത ടാക്സി സര്‍വീസുകള്‍. യൂബര്‍, ഓല തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ വരവോടെ ആയിരക്കണക്കിന് യുവാക്കളാണ് സ്വന്തമായി വാഹനങ്ങള്‍ വാങ്ങിയും വായ്പയെടുത്തും ഈ മേഖലയിലേക്ക് എത്തിയത്.

നിലവില്‍ 12-14 മണിക്കൂര്‍ ഓടുന്ന ഡ്രൈവര്‍ക്ക് കൂടിപ്പോയാല്‍ 700-800 രൂപയാണ് എല്ലാം കഴിഞ്ഞ് ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് അടക്കം ഒരു വര്‍ഷം 60,000 രൂപയെങ്കിലും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ചെലവ് വരുന്നുണ്ട്.

വരുമാനം കുറയുന്നു; കമ്മീഷന്‍ ഉയരുന്നു

ആദ്യകാലത്ത് ആകര്‍ഷകമായ ഇന്‍സെന്റീവുകളും കുറഞ്ഞ കമ്മീഷന്‍ നിരക്കുകളും നല്‍കിയാണ് ആപ്പ് കമ്പനികള്‍ ഡ്രൈവര്‍മാരെ പ്ലാറ്റ്ഫോമുകളിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇന്‍സെന്റീവുകള്‍ കുറഞ്ഞതും കമ്മീഷന്‍ നിരക്കുകള്‍ ഉയര്‍ന്നതും ഡ്രൈവര്‍മാരുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. നിലവില്‍ 4 കിലോമീറ്റര്‍ മിനിമം ചാര്‍ജായി 100 മുതല്‍ 140 രൂപ വരെയാണ് വിവിധ കമ്പനികള്‍ നല്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കേരള സവാരിയാണ് ഏറ്റവും കൂടുതല്‍ കമ്മീഷന്‍ നല്കുന്നത്, 4 കിലോമീറ്ററിന് 160 രൂപ. യൂബര്‍ 110 രൂപ വരെയും ഓല 100 രൂപ മുതലുമാണ് നല്കുന്നത്. റാപ്പിഡോ 135 മുതല്‍ 150 രൂപ വരെ ഡ്രൈവര്‍മാര്‍ക്ക് നല്കുന്നു. നാല് കിലോമീറ്ററിന് മിനിമം 200 രൂപയെങ്കിലും ലഭിക്കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. പെട്രോള്‍, ഡീസല്‍, സിഎന്‍ജി നിരക്കുകള്‍, വാഹന പരിപാലനച്ചെലവ്, ഇന്‍ഷുറന്‍സ് എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ പോക്കറ്റില്‍ ബാക്കിയാകുന്ന തുക വളരെ കുറവാണെന്ന് ഇവര്‍ പറയുന്നു.

ബാധ്യതയാണ് മിച്ചം

കോഴിക്കോട് സ്വദേശി ഗോകുല്‍നാഥ് വായ്പയെടുത്താണ് വാഹനം വാങ്ങിയത്. കൊച്ചിയിലെത്തി ഓണ്‍ലൈന്‍ ടാക്‌സി ഓടി വായ്പ തിരിച്ചടയ്ക്കാമെന്നായിരുന്നു പദ്ധതി. തുടക്കത്തില്‍ എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. എന്നാല്‍ കമ്പനി ഇടയ്ക്കിടെ കമ്മീഷന്‍ നിരക്കുകള്‍ മാറ്റിയതോടെ എല്ലാം തകിടംമറിഞ്ഞു. പ്രതിമാസ ഇഎംഐ, ഇന്‍ഷുറന്‍സ്, സര്‍വീസ് ചെലവ്, ഇന്ധനച്ചെലവ് എന്നിവ അടയ്ക്കാന്‍ ദിവസവും ദീര്‍ഘനേരം ജോലി ചെയ്യേണ്ട അവസ്ഥയിലാണെന്ന് ഗോകുല്‍ പറയുന്നു. കാര്‍ വിറ്റ് വായ്പ ക്ലോസ് ചെയ്ത് മറ്റേതെങ്കിലും ജോലിക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഈ ചെറുപ്പക്കാരന്‍.

സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ഏകീകൃത നിരക്ക് കൊണ്ടുവരണം. എല്ലാ ആപ്പുകള്‍ക്കും ഒരേ നിരക്ക് വേണം. യൂറോപ്പില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് ഫെയര്‍ സിസ്റ്റമുണ്ട്. എന്നാല്‍ കേരളത്തിലിപ്പോഴും 12 വര്‍ഷം മുമ്പുള്ള നിരക്കാണുള്ളത്. ഇത് പുതുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. 50,000ത്തോളം പേര്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. അവര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തണം.
റിനീഷ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് (ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ അലയന്‍സ്)

അല്‍ഗോരിതം തീരുമാനിക്കും വരുമാനവും തൊഴിലും

ആപ്പ് അധിഷ്ഠിത ടാക്സി സംവിധാനത്തിലെ റൈഡ് വിതരണം, നിരക്ക് നിര്‍ണയം, ഇന്‍സെന്റീവ്, റേറ്റിംഗ് എന്നിവയെല്ലാം അല്‍ഗോരിതങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സംവിധാനങ്ങളില്‍ സുതാര്യതയില്ലെന്നാണ് ഡ്രൈവര്‍മാരുടെ പ്രധാന പരാതി.

റൈഡ് റദ്ദാക്കുന്നതിനും കുറഞ്ഞ റേറ്റിംഗ് ലഭിക്കുന്നതിനുമെതിരേ പരാതികള്‍ ഉയര്‍ന്നാല്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്നതിനോ ബ്ലോക്ക് ചെയ്യുന്നതിനോ കാരണമാകാം. പലപ്പോഴും വ്യക്തമായ മുന്നറിയിപ്പോ വിശദീകരണമോ ലഭിക്കാതെ ഡ്രൈവര്‍ ഐഡികള്‍ പ്രവര്‍ത്തനരഹിതമാകുന്നുവെന്നും പരാതിയുണ്ട്. ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും പരാതി പരിഹരിക്കുന്നതിനും ഫലപ്രദമായ സംവിധാനമില്ല.

തൊഴില്‍ ആനുകൂല്യങ്ങളില്ല

ആപ്പ് കമ്പനികള്‍ ഡ്രൈവര്‍മാരെ ജീവനക്കാരായി പരിഗണിക്കുന്നതിന് പകരം 'ഡ്രൈവര്‍ പാര്‍ട്ണര്‍' എന്ന നിലയിലാണ് ഉള്‍പ്പെടുത്തുന്നത്. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്‍ പലതും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള അവധി, അപകട ഇന്‍ഷുറന്‍സ്, ജോലി നഷ്ടപ്പെട്ടാല്‍ ലഭിക്കേണ്ട പരിരക്ഷ തുടങ്ങിയവ ഈ മേഖലയിലുള്ളവര്‍ക്ക് അന്യമാണ്.

വാഹനം സ്വന്തമാണെങ്കിലും ജോലി, വരുമാനം, നിരക്ക്, റൈഡ് ലഭ്യത എന്നിവ പ്ലാറ്റ്ഫോമിന്റെ നിയന്ത്രണത്തിലാണ്. സ്വയംതൊഴില്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോഴും യഥാര്‍ഥ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണുള്ളതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ തുടങ്ങിയ സമയത്ത് പലര്‍ക്കും വലിയ തുക ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്.

സുരക്ഷാഭീഷണി

റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രധാന ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ പരമ്പരാഗത ഓട്ടോ-ടാക്സി ഡ്രൈവര്‍മാരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടുന്നതായി യൂബര്‍, ഒല ഡ്രൈവര്‍മാര്‍ പറയുന്നു.

യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, പ്രവേശന നിയന്ത്രണങ്ങള്‍, വിവേചനം തുടങ്ങിയവ പല സ്ഥലങ്ങളിലും തുടരുന്നുണ്ട്. രാത്രികാല സര്‍വീസുകളില്‍ മദ്യപിച്ച യാത്രക്കാര്‍, പണമടയ്ക്കാന്‍ വിസമ്മതിക്കുന്നവര്‍, മോശം പെരുമാറ്റം, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ എന്നിവയും ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്.

ഡ്രൈവര്‍മാരുടെ നിസഹകരണം

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ജൂലൈ 21 മുതല്‍ സമരത്തിലാണ്. 11 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്. കമ്പനി കമ്മീഷന്‍ പിടിക്കുന്ന തുക, ഇന്ധനവിലയിലെ വര്‍ധനവിന് ആനുപാതികമായി നിരക്കില്‍ വര്‍ധന ഇല്ലാത്തത്, ബൈക്ക് ടാക്സിയുടെ നിരോധനം, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും ടാക്‌സിനിരക്ക് കുറക്കല്‍, ഏകീകൃതനിരക്ക് തുടങ്ങിയ ആവശ്യങ്ങളാണ് ടാക്സി ഡ്രൈവര്‍മാര്‍ മുന്നോട്ടുവെച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള സവാരി, റാപ്പിഡോ കമ്പനികള്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ഡ്രൈവര്‍മാര്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായ സമരം അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം യൂബര്‍, ഓല പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായ ബഹിഷ്‌കരണം തുടരുകയാണ്.

പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ വേണം

ഗിഗ് ഇക്കോണമി അതിവേഗം വളരുമ്പോഴും അതില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ അവകാശങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ അതേ വേഗത്തില്‍ വികസിച്ചിട്ടില്ല. പ്ലാറ്റ്ഫോം കമ്പനികളുടെ കമ്മീഷന്‍ നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കുക, ഓരോ യാത്രയ്ക്കും ന്യായമായ മിനിമം നിരക്ക് ഉറപ്പാക്കുക, ഏകപക്ഷീയമായ അക്കൗണ്ട് ബ്ലോക്കിംഗ് തടയുക, സ്വതന്ത്ര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമാക്കുക തുടങ്ങിയ നടപടികളും ആവശ്യമാണ്.

ഡ്രൈവര്‍മാര്‍ക്കായി അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷ, പെന്‍ഷന്‍, അടിയന്തര സഹായം തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളും പ്ലാറ്റ്ഫോം കമ്പനികളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടതുണ്ട്. മറ്റുള്ളവരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവരാണ് ആപ്പ് ടാക്സി ഡ്രൈവര്‍മാര്‍. എന്നാല്‍ സ്വന്തം കുടുംബജീവിതം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ വരുമാനവും തൊഴില്‍പരിരക്ഷയും ഇവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.

Online taxi drivers in Kerala say rising operating costs, platform commissions and opaque algorithmic controls are making their work financially unsustainable.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT